കുവൈത്ത്– ഇറാൻ വിദേശമന്ത്രിമാർ ചർച്ച നടത്തി

കുവൈത്ത് സിറ്റി : പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഗ്‌ചിയും കുവൈത്ത് വിദേശമന്ത്രി ഷെയ്ഖ് ജറാഹ് ജാബിർ അൽ അഹ്‌മദ് അൽ സബാഹുമായി ടെലിഫോണിൽ സംസാരിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണപത്രം പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ഹോർമുസ് കടലിടുക്കിലെ സുരക്ഷയും അന്താരാഷ-്‌ട്ര സമുദ്രഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും സഹായകമാകുമെന്ന പ്രതീക്ഷ കുവൈത്ത് പ്രകടിപ്പിച്ചു. മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് സംവാദങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും സുസ്ഥിരവും ദീർഘകാലാടിസ്ഥാനത്തിലും രാഷ-്‌ട്രീയ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് വിദേശമന്ത്രി വ്യക്തമാക്കി.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അന്താരാഷ്‌ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിലെ ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്ന് ഷെയ്ഖ് ജറാഹ് വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും മാനിക്കുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, ബലപ്രയോഗമോ ഭീഷണിയോ ഒഴിവാക്കുക, തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുക എന്നീ തത്വങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിൽ പ്രവർത്തിക്കുന്ന സായുധസംഘങ്ങൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കുവൈത്ത് വിദേശമന്ത്രി എടുത്തുപറഞ്ഞു. ഇൗ നടപടികൾ പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും കൂടുതൽ ശക്തിപ്പെടുത്തും. ഒപ്പം മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.










0 comments