'മമിതയുടെ പേരെവിടെ?'; 'വിശ്വനാഥ് ആൻഡ് സൺസ്' പോസ്റ്ററിൽ നായികയുടെ പേരില്ലാത്തതിനെതിരെ വിമർശനം

ചെന്നൈ: സൂര്യയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ തമിഴ് ചിത്രമായ 'വിശ്വനാഥ് ആൻഡ് സൺസ്' സിനിമയുടെ പാട്ടിന്റെ പോസ്റ്ററിൽ നായികയുടെ പേര് നൽകാത്തതിനെതിരെ നടി സനം ഷെട്ടി. ചിത്രത്തിലെ 'പട്ടാംപൂച്ചി' (Pattampoochi) എന്ന് തുടങ്ങുന്ന ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൂര്യയും മമിതയും ഒന്നിച്ചുള്ള ഗാനത്തിന്റെ പോസ്റ്ററിൽ നായകന്റെയും സംവിധായകന്റെയും സംഗീതസംവിധായകന്റെയും നിർമ്മാതാക്കളുടെയും പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടും നായികയായ മമിതയുടെ പേര് ഒഴിവാക്കിയതാണ് സനം ഷെട്ടി ചോദ്യം ചെയ്തത്.
പോസ്റ്ററിൽ നായികയുടെ പേര് വെക്കുന്നതിൽ നിന്ന് അണിയറപ്രവർത്തകരെ തടയുന്നത് എന്താണെന്നും സിനിമയിലെ മറ്റ് പ്രധാന പേരുകളെല്ലാം ഉണ്ടല്ലോ എന്നും സനം തന്റെ എക്സ് അക്കൗണ്ടിലൂടെ ചോദിച്ചു. ഇത് തികച്ചും അന്യായമാണെന്നും ഈ പ്രവണത മാറേണ്ട സമയം അതിക്രമിച്ചുവെന്നും സനം കുറിച്ചു. മമിത സ്വന്തം കഴിവിനാലാണ് ഇത്രയും വലിയൊരു ചിത്രത്തിൽ അവസരം നേടിയതെന്നും, ഒരു പുതുമുഖമാണെങ്കിൽ പോലും തുല്യമായ പരിഗണന നൽകാൻ സിനിമാ ഇൻഡസ്ട്രി തയ്യാറാകണമെന്നും സനം ഷെട്ടി വ്യക്തമാക്കി.
പോസ്റ്റർ വിവാദത്തെക്കുറിച്ച് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് ചോദ്യം ഉന്നയിച്ചപ്പോൾ, തനിക്ക് നടൻ സൂര്യയോട് വ്യക്തിപരമായി വലിയ ബഹുമാനമുണ്ടെന്നും ഇതൊരു വ്യക്തിപരമായ വിമർശനമല്ലെന്നും സനം മറുപടി നൽകി. തമിഴിലോ തെലുങ്കിലോ മാത്രമല്ല, രാജ്യവ്യാപകമായി സിനിമകളിൽ നാം സാധാരണവൽക്കരിച്ച തെറ്റായ ഒരു രീതിക്കെതിരെയുള്ള പൊതുവായ ചോദ്യമാണിതെന്നും അവർ കൂട്ടിച്ചേർത്തു. സിനിമയുടെ പ്രമോഷനായി നായികയുടെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ പോസ്റ്ററുകളിൽ അവർക്ക് അർഹമായ ബഹുമാനവും തുല്യതയും നൽകണമെന്നാണ് തന്റെ ലളിതമായ നിലപാടെന്നും സനം ഷെട്ടി വ്യക്തമാക്കി. എന്നാൽ വിവാദത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിൽ സഞ്ജയ് വിശ്വനാഥ് എന്ന നാൽപ്പതുകാരനായ പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യനായാണ് സൂര്യ എത്തുന്നത്. മമിത അവതരിപ്പിക്കുന്ന മാഡി എന്ന ഇരുപതുകാരി സഞ്ജയ്‌യുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തും.










0 comments