യുഎസ് - ഇറാൻ യുദ്ധം: സമാധാന ചർച്ചകൾ സ്വിറ്റ്‌സർലൻഡിൽ ?

ഡോണാൾഡ് ട്രംപ് |Photo: Screengrab Reuters
വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സമാധാന ചർച്ചകൾക്കായി സ്വിറ്റ്‌സർലൻഡിലേക്ക് തിരിച്ചു. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ചേർന്ന് തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാൻ ഈ ആഴ്ച ഒപ്പുവെച്ച 14പോയിന്റ് ഇടക്കാല കരാറിനെ ഒരു ശാശ്വത സമാധാന കരാറാക്കി മാറ്റുകയാണ് ഈ ചർച്ചകളുടെ ലക്ഷ്യം. എന്നാൽ ഈ കാര്യത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെള്ളിയാഴ്ച ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ ശനിയാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും ഡ്രോൺ ആക്രമണത്തിലും അഞ്ച് പേർ കൊല്ലപ്പെട്ടു. നബതിയ മേഖലയിലാണ് ആക്രമണങ്ങൾ നടന്നത്. വെടിനിർത്തൽ ലംഘനം ചർച്ചകളെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. ലെബനനിലെ യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നത് യുഎസ്-ഇറാൻ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രധാന ഉപാധിയാണ്. ആണവ വിഷയങ്ങൾ പരിഹരിക്കാനും ഹോർമുസ് കടലിടുക്ക് വഴി തടസപ്പെട്ട എണ്ണ വിതരണം പുനരാരംഭിക്കാനും ഈ കരാർ അത്യന്താപേക്ഷിതമാണ്.
യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും, കരാറിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കൾ ഉൾപ്പെടെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ താൻ ഇറാനുമായി വിലപേശുകയാണെന്നും കരാർ പ്രകാരം അവർക്ക് പണം നൽകുന്നില്ലെന്നും ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഫെബ്രുവരി 28ന് ആരംഭിച്ച ഈ യുദ്ധത്തിൽ ഇറാനിലും ലെബനനിലുമായി ഇതിനകം 7,000ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് ആഗോളതലത്തിൽ ഇന്ധനവില വർധനവിനും കടുത്ത പണപ്പെരുപ്പത്തിനും കാരണമായി. കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലെ അനാവശ്യ ഫീസുകൾ ഒഴിവാക്കാൻ ഇറാൻ തയ്യാറായിട്ടുണ്ട്.










0 comments