ad
Deshabhimani

നഷ്ടം നികത്താനുണ്ടെന്ന് കമ്പനികൾ

എണ്ണ പാചകവാതക വില കുത്തനെ ഇടിഞ്ഞു, യുദ്ധത്തിന്റെ മറവിലെ വര്‍ധന പിൻവലിക്കുന്നതിൽ മിണ്ടാട്ടമില്ല

oil price hike
വെബ് ഡെസ്ക്

Published on Jun 20, 2026, 03:22 PM | 3 min read

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധവും ഹോര്‍മുസ് കടലിടുക്ക് തടസപ്പെട്ടതിലെ പ്രതിസന്ധിയും നീങ്ങിയതോടെ പെട്രോൾ ഡീസൽ ഇന്ധനങ്ങൾക്കും പാചക വാതകത്തിനും ഏര്‍പ്പെടുത്തിയ വിലവര്‍ധ പിൻവലിക്കണമെന്ന ആവശ്യം ചെവിക്കൊള്ളാതെ കേന്ദ്ര സര്‍ക്കാര്‍. ഇറാൻ യുഎസ് കരാര്‍ നിലവിൽ വന്നതോടെ യുദ്ധ സാഹചര്യത്തിലെ വെല്ലുവിളികൾ നീങ്ങി ചരക്കുനീക്കം സുഗമമായിരിക്കയാണ്. ലോക വിപണിയിൽ എണ്ണ പ്രകൃതി വാതക വിലകൾ കൂപ്പു കുത്തിയിരിക്കുന്നു. ഇപ്പോഴും രാജ്യത്ത്, ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ പാചക വാതക വില പഴയപടി തുടരുകയാണ്.


മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊണ്ട ഘട്ടത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളർ വരെ കുതിച്ചുയർന്നിരുന്നു. ഏകദേശം 75% വർധനയാണ് ഉണ്ടായത്. ഇത് സാവധാനം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയിരിക്കയാണ്. നഷ്ടം നികത്താൻ എണ്ണ രാജ്യങ്ങൾ ഉൽപാദനം വര്‍ധിപ്പിച്ചതിനാൽ നേരത്തെയുള്ളതിനെക്കാൾ വില കുറയാം എന്ന സാഹചര്യവും നിലനിൽക്കുന്നു.


കേന്ദ്ര സര്‍ക്കാര്‍, വീടുകളിലെ ആവശ്യത്തിനുള്ള എൽപിജി വിലയിൽ പത്ത് ശതമാനവും വാണിജ്യ ആവശ്യത്തിനുള്ളവയിൽ 79 ശതമാവും വരെ വിലവര്‍ധവ് ജൂൺ മാസത്തോടെ അടിച്ചേൽപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി വെറും ചായയ്ക്ക് വരെ രണ്ട് രൂപ വര്‍ധിച്ച സാഹചര്യമാണ്. രാജ്യത്തെ എല്ലാ മേഖലയിലും വിലക്കയറ്റം പ്രത്യക്ഷമായി. നിത്യ ജീവതത്തിലെ എല്ലാ മേഖലിയിലും യുദ്ധക്കെടുതികൾ എത്തി. ജീവിത ഭാരം വര്‍ധിച്ചു.


നഷ്ട കണക്കുമായ് വീണ്ടും


എണ്ണയ്ക്കും ഗ്യാസിനും വില കുറയുകയും ചരക്ക് നീക്കം സുഗമമാവുകയും ചെയ്തപ്പോൾ ഈ രംഗത്തെ പൊതുമേഖലാ കമ്പനികളും സ്വകാര്യ കുത്തകളും ഇപ്പോൾ നഷ്ട കണക്കുകൾ നിരത്തുകയാണ്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധന ഒഴിവായാലും രാജ്യത്ത് പ്രതിസന്ധിയുടെ തുടക്കത്തിൽ തന്നെ വില വര്‍ധന പ്രഖ്യാപിക്കാതിരുന്നത് കാരണം ഉണ്ടായ നഷ്ടം നികത്തുന്നു എന്നാണ് ന്യായം. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നിട്ടും ആഭ്യന്തര വിപണിയിൽ വിലക്കയറ്റം നിയന്ത്രിച്ച് നിർത്തിയതിലൂടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 22,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വാദിക്കുന്നത്. വില കുറഞ്ഞതോടെ ലഭിക്കുന്ന അധിക ലാഭം (Over-recovery) ഉപയോഗിച്ച് മുൻപ് കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുകയാണ് ചെയ്യുന്നത് എന്നാണ് എണ്ണക്കമ്പനികളുടെയും സർക്കാരിന്റെയും ന്യായം.


കോവിഡ് കാലത്തെ അതേ

കച്ചവട തന്ത്രം


2020-2021 കോവിഡ് കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ അന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതിന് പകരം കേന്ദ്ര-സർക്കാരുകൾ നികുതികൾ (Excise Duty / Cess) കുത്തനെ കൂട്ടുകയാണ് ചെയ്തത്. അതുവഴി അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിച്ചില്ല. ഇപ്പോഴും സമാനമായ തന്ത്രമാണ് കാണാൻ സാധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ഉടൻ തന്നെ ജനങ്ങൾക്ക് നൽകാതെ, എണ്ണക്കമ്പനികളുടെ മുൻകാല നഷ്ടം നികത്താനും സർക്കാരിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഉപയോഗിക്കുന്നു.


വില കുത്തനെ കുറഞ്ഞു

വര്‍ധന ഇപ്പോഴും പഴയപടി


ക്രൂഡ് ഓയിൽ വില കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് നിലവിൽ ബാരലിന് 68.50 - 70.20 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇത് 120 കടന്നിരുന്നു. ഡബ്ല്യു ടി ഐ ക്രൂഡ് യു എസ് വിപണിയിൽ ബാരലിന് 64.10 - 65.80 ഡോളർ പരിധിയിലാണ് വില. ഇന്ത്യൻ ബാസ്‌ക്കറ്റ് ഇതിനും താഴെയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരി വില ബാരലിന് 69.50 ഡോളറിലേക്ക് താണിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എണ്ണ ഇറക്കുമതി ഇപ്പോഴും തുടരുന്നതാണ് ഇന്ത്യയ്ക്ക് അനുകൂല ഘടകമായിരിക്കുന്നത്. ഇതര രാജ്യങ്ങളെക്കാൾ വില കുറഞ്ഞാണ് ഇന്ത്യയ്ക്ക് ക്രൂഡ് ലഭിക്കുന്നത്.


പാചകവാതക വില

30 ശതമാനം ഇടിഞ്ഞു


ഇന്ത്യൻ എൽപിജി ഇറക്കുമതിയുടെ പ്രധാന ബെഞ്ച്മാർക്ക് ആയ 'സൗദി അരാംകോ കോൺട്രാക്ട് പ്രൈസ്' (Saudi Aramco CP) അനുസരിച്ച്-പ്രൊപ്പെയ്ൻ ടണ്ണിന് 530 - 550 ഡോളർ വരെ താഴ്ന്നു. ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ ഉയർന്ന നിരക്കിൽ നിന്ന് ഏകദേശം 30% ഇടിവ് രേഖപ്പെടുത്തയിരിക്കുന്നു. ബ്യൂട്ടെയ്ൻ ടണ്ണിന് 540 - 565 ഡോളർ എന്ന നിയിലും താഴ്ന്നിരിക്കുന്നു. ബാബ്-എൽ-മന്ദേബ്, ഹൊർമുസ് കടലിടുക്കുകൾ രണ്ടും പൂര്‍ണമായും തുറന്നിരിക്കയാണ്. ഇതിന്റെ ആനുകൂല്യവും ഉണ്ട്.


എണ്ണക്കമ്പനികൾക്ക് (IOCL, BPCL, HPCL) നിലവിലെ ക്രൂഡ് ഓയിൽ വിലയനുസരിച്ച് പെട്രോൾ ലിറ്ററിന് 10 - 12 രൂപയും, ഡീസലിന് 8 - 9 രൂപയും അധിക ലാഭം ഇപ്പോൾ ലഭിക്കുന്നുണ്ട്. ഒരു ലിറ്ററിന് മേലുള്ള കണക്കാണിത്. മുൻ മാസങ്ങളിലെ നഷ്ടം (Under-recovery) നികത്താൻ ഈ ലാഭം ഉപയോഗിക്കുന്നു എന്നാണ് ന്യായം. ജൂൺ പകുതി കഴിഞ്ഞിട്ടും റീട്ടെയ്ൽ വില കുറച്ചിട്ടില്ല. കഴിഞ്ഞ ആഴ്കളിൽ തന്നെ ലിറ്ററിന് 3 മുതൽ 5 രൂപ വരെ വില കുറയ്ക്കാൻ കമ്പനികൾക്ക് അവസരമുണ്ടായിരുന്നു. മുൻ നഷ്ടം എടുത്താൽ പോലും ഇത് സംതുലിതപ്പെടുത്താമായിരുന്നു.


വിപണി വിലയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ രാജ്യാന്തര വിപണിയിലെ വിലക്കുറവിന്റെ ഗുണം വാണിജ്യ സിലിണ്ടറുകൾക്ക് പെട്ടെന്ന് തന്നെ ലഭിച്ചു തുടങ്ങി. പക്ഷേ ഭീമൻ വര്‍ധന വരുത്തിയത് തുടരുകയാണ്. സബ്സിഡി ഇളവ് ബാധ്യതകൾ ഇല്ലാത്തതിനാൽ ഇവയുടെ വില ഉടൻ കുറയേണ്ടതായിരുന്നു.


വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന് കഴിഞ്ഞ മാസം വരെ ഡൽഹിയിൽ ഒരു സിലിണ്ടറിന് 651 രൂപ തോതിൽ കമ്പനികൾക്ക് നഷ്ടമുണ്ടായിരുന്നു. അന്താരാഷ്ട്ര വില ടണ്ണിന് 550 ഡോളറിലേക്ക് താണതോടെ കമ്പനികളുടെ ഈ നഷ്ടം ഇപ്പോൾ ഒരു സിലിണ്ടറിന് 120 - 150 രൂപയായി ചുരുങ്ങിയിട്ടുണ്ട്. സബ്സിഡി ഇനത്തിലുള്ള നഷ്ടമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞു കൊണ്ടിരുന്ന തുകയെക്കാൾ കുറവാണിത്. അതായത് സബ്സിഡി നികുതി ഇളവ് ബാധ്യതകൾ കൂടി മുൻകൂര്‍ പിടിച്ചു വെക്കുകയാണ്.


യുദ്ധ സാഹചര്യം കടുത്തപ്പോഴും നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ കടമ്പ മുന്നിൽ ഉള്ളതിനാൽ തുടക്കത്തിൽ, കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധന പ്രഖ്യാപിക്കാതെ പരമാവധി നീട്ടി കൊണ്ടു പോയിരുന്നു. ആ കാലയളവിലെ നഷ്ട കാശ് കൂടി സാധാരണക്കാരിൽ നിന്നും ഈടാക്കുന്ന തന്ത്രമാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. ലോകം മുഴവൻ വില കുറഞ്ഞിട്ടും മുൻ നഷ്ടം പറഞ്ഞ് വര്‍ധിപ്പിച്ച തുക ഇപ്പോഴും ഈടാക്കുന്നത് തുടരുന്നു.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home