സിഗ്നൽ മാറും മുമ്പ് മുന്നറിയിപ്പ്; സ്‌മാർട്ട് ട്രാഫിക് ലൈറ്റുമായി കുവൈത്ത്

കുവൈത്ത് സിറ്റി : ട്രാഫിക് സിഗ്നൽ മാറുംമുമ്പ് വാഹനയാത്രികർക്ക് മുന്നറിയിപ്പ് നൽകുന്ന സ്മാർട്ട് ട്രാഫിക് സിഗ്നൽ സംവിധാനം നടപ്പാക്കി കുവൈത്ത്. സിഗ്നൽ മാറുന്നതിന് തൊട്ടുമുമ്പ് ട്രാഫിക് ലൈറ്റുകൾ മിന്നുന്നതിലൂടെ ഡ്രൈവർമാർക്ക് ജാഗ്രത പാലിക്കാനും സുരക്ഷിതമായി വാഹനത്തിന്റെ വേഗം ക്രമീകരിക്കാനും അവസരമൊരുക്കുന്ന സംവിധാനമാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി നിലവിൽ രാജ്യത്തെ 40 ട്രാഫിക് ജങ്‌ഷനുകളിൽ പ്രവർത്തനക്ഷമമാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഘട്ടംഘട്ടമായി എല്ലാ ഗവർണറേറ്റുകളിലേക്കും സംവിധാനം വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ ആധുനികവൽകരിക്കാനും സ്മാർട്ട് സാങ്കേതികവിദ്യകൾ കൂടുതൽ വ്യാപകമായി പ്രയോജനപ്പെടുത്താനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് സംവിധാനം നടപ്പാക്കുന്നത്. പെട്ടെന്നുള്ള ബ്രേക്കിടൽ, പിന്നിൽനിന്ന് വാഹനങ്ങൾ ഇടിച്ചുകയറുന്ന അപകടങ്ങൾ, റെഡ് ലൈറ്റ് ലംഘനങ്ങൾ എന്നിവ കുറയ്ക്കാനും ഗതാഗതം കൂടുതൽ സുഗമമാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. റോഡ് സുരക്ഷ ശക്തിപ്പെടുത്താനും ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനുമായി ഈ വർഷം തുടക്കംമുതൽ സ്മാർട്ട് സാങ്കേതികവിദ്യകളും എഐ അധിഷ്ഠിത ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങളും ആഭ്യന്തര മന്ത്രാലയം വ്യാപകമായി നടപ്പാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.










0 comments