പ്രളയബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ 211 കോടി രൂപ; കേരളം പട്ടികയിലില്ല

കേരളത്തിൽ പ്രളയം മൂലം വെള്ളത്തിനടിയിലായി പ്രദേശം
ന്യൂഡൽഹി: രാജ്യത്തെ പ്രളയബാധിത സംസ്ഥാനങ്ങൾക്കായി ദുരന്തനിവാരണസേനയുടെ ഭാഗമായി കേന്ദ്രസർക്കാർ 2117.85 കോടി രൂപ അനുവദിച്ചു. മഴക്കെടുതി രൂക്ഷമായിരിക്കുന്ന ഏഴു സംസ്ഥാനങ്ങൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.
ഈ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. അസം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കായാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
അരുണാചൽ പ്രദേശിന് 44.55 കോടി രൂപയും അസമിന് 379.35 കോടി രൂപയും ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നിവയ്ക്ക് 500 കോടി രൂപ വീതവും ഹിമാചൽ പ്രദേശിന് 193.95 കോടി രൂപയുമാണ് അനുവദിച്ചത്. അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി.
ഒഡിഷയിലും അസമിലും പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ സാഹചര്യത്തിൽ റോഡുകൾ തകർന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്.
പലയിടത്തും മേഘവിസ്ഫോടനവും അനുഭവപ്പെട്ടു. റോഡുകളെല്ലാം തകർന്നത് ഗതാഗതത്തിനും തടസം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിൽ കാണാതെ മഴയിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 8 ആയി.
കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷനും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










0 comments