ലോക ആന ദിനം: യുവജനങ്ങൾക്കായി ഫോട്ടോഗ്രഫി മത്സരം

തിരുവനന്തപുരം : ലോക ആന ദിനത്തോടനുബന്ധിച്ച് കേരള വനം വകുപ്പ് Elephants: Majestic Giants എന്ന പ്രമേയത്തിൽ സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 15 മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓരോ മത്സരാർഥിയും ഒരു ഫോട്ടോ മാത്രമാണ് സമർപ്പിക്കേണ്ടത്. കാട്ടിലോ മനുഷ്യപരിപാലനത്തിലോ ഉള്ള ഏഷ്യൻ ആനയുടെ (Elephas maximus) ചിത്രങ്ങളാണ് സ്വീകരിക്കുക. ചിത്രം മത്സരാർഥി സ്വയം പകർത്തിയ യഥാർഥ ചിത്രമായിരിക്കണം. മറ്റൊരാളുടെ ചിത്രം ഉപയോഗിക്കുന്നതും നിർമിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിക്കുകയോ ഉള്ളടക്കം മാറ്റം വരുത്തുകയോ ചെയ്ത ചിത്രങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്.
ബ്രൈറ്റ്‌നസ്, കോൺട്രാസ്റ്റ്, എക്സ്പോഷർ, വൈറ്റ് ബാലൻസ്, ഷാർപ്‌നസ്, ക്രോപ്പിംഗ്, നോയിസ് റിഡക്ഷൻ തുടങ്ങിയ ചെറിയ തിരുത്തലുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ചിത്രത്തിൽ പുതിയവ ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന ഡിജിറ്റൽ മാറ്റങ്ങൾ, കോംപോസിറ്റ്, ഫോട്ടോമൊണ്ടാഷ്, HDR കോംപോസിറ്റ് ചിത്രങ്ങൾ എന്നിവ അനുവദിക്കില്ല. അപേക്ഷകൾ Google Form വഴി മാത്രമേ സ്വീകരിക്കൂ. ചിത്രം JPEG ഫോർമാറ്റിലായിരിക്കണം. കുറഞ്ഞത് 3000 പിക്സൽ റെസലൂഷനും പരമാവധി 10 എംബി ഫയൽ വലിപ്പവും വേണം. ചിത്രത്തിൽ വാട്ടർമാർക്ക്, ലോഗോ, ബോർഡർ, ഒപ്പ് എന്നിവ പാടില്ല.
ആനകളെ ശല്യപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ അപകടത്തിലാക്കുകയോ ചെയ്ത് ചിത്രമെടുക്കാൻ പാടില്ലെന്നും വന്യജീവി സംരക്ഷണ നിയമങ്ങളും സംരക്ഷിത പ്രദേശങ്ങളിലെ ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും വനം വകുപ്പ് നിർദേശിച്ചു. ആഗസ്ത് 7 ആണ് ചിത്രങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി. ആഗസ്ത് 13-ന് ഫലം പ്രഖ്യാപിക്കും. ഒന്നാം സമ്മാനം – 7,500 രൂപയും സർട്ടിഫിക്കറ്റും. രണ്ടാം സമ്മാനം – 5,000 രൂപയും സർട്ടിഫിക്കറ്റും. മൂന്നാം സമ്മാനം – 3,000 രൂപയും സർട്ടിഫിക്കറ്റും. 10 പേർക്ക് പ്രോത്സാഹന സർട്ടിഫിക്കറ്റും നൽകും.









0 comments