ജലീബിലെ സുരക്ഷാ പരിശോധന ; 1,253 താമസ- തൊഴിൽ നിയമലംഘകർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 1,253 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് പരിശോധനകൾ നടത്തിയത്.
ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽവഹാബ് അൽ വുഹൈബിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയായിരുന്നു പരിശോധന. ജലീബ് അൽ ഷുയൂഖിലെ നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും പൊതുസുരക്ഷയും ക്രമസമാധാനവും ശക്തിപ്പെടുത്തുന്നതിനും പ്രദേശത്തെ അനധികൃത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായാണ് നടപടി.
പരിശോധനയിൽ കുവൈത്ത് മുനിസിപ്പാലിറ്റി 777 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ഉപേക്ഷിക്കപ്പെട്ട 27 വാഹനങ്ങൾ നീക്കം ചെയ്യുകയും 64 വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രാലയം അപകടാവസ്ഥയിലുള്ള 1,432 കെട്ടിടങ്ങൾ കണ്ടെത്തി. അനധികൃതമായ 20 മലിനജല കണക്ഷനുകൾ വിച്ഛേദിച്ചതോടൊപ്പം തെരുവുകളിൽ മലിനജലം കെട്ടിക്കിടന്നിരുന്ന 60 സ്ഥലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചു.
അനധികൃതമായി ഉപയോഗിച്ചിരുന്ന 1,200 വസതികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ ഫലമായി ഫർവാനിയ ഗവർണറേറ്റിലെ വൈദ്യുതി ലോഡ് 60 ശതമാനം വരെ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയം 256 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും 10 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. ആരോഗ്യ മന്ത്രാലയം ഷെൽട്ടർ സെന്ററിൽ 784 കേസുകൾ കൈകാര്യം ചെയ്തതിൽ 61 പേരെ ആശുപത്രികളിലേക്ക് മാറ്റി.
ഫയർ ഫോഴ്‌സ് 188 ഭരണപരമായ അടച്ചുപൂട്ടൽ ഉത്തരവുകൾ നടപ്പാക്കി. 36 കുട്ടികളെയും അവരുടെ അമ്മമാരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പരിസ്ഥിതി പബ്ലിക് അതോറിറ്റി 90 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 315 ഭക്ഷ്യസുരക്ഷാ നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ഒമ്പത് റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും 12 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിക്കുകയും ചെയ്തു.
കടകളിലും വിവിധ സ്ഥാപനങ്ങളിലുമായി 6,511 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 1,471 സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചു. താമസാനുമതിയുമായി ബന്ധപ്പെട്ട 129 കൈക്കൂലി കേസുകളും കണ്ടെത്തി. പ്രവാസി തൊഴിലാളികളുടെ ഷെൽട്ടറിൽ നിന്നുള്ള 110 പേരെ നാടുകടത്തൽ വകുപ്പിന് കൈമാറുകയും ചെയ്തു.
അനധികൃത താമസസ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിലും ഒളിവിലായിരുന്ന പ്രതികളെയും താമസ-തൊഴിൽ നിയമലംഘകരെയും പിടികൂടുന്നതിലും പരിശോധന നിർണായകമായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മറ്റ് നിയമലംഘന മേഖലകളിലേക്കും ഇത്തരം സംയുക്ത സുരക്ഷാ പരിശോധനകൾ വ്യാപിപ്പിക്കുമെന്നും നിയമം കർശനമായി നടപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.










0 comments