ad
Deshabhimani

ചെറിയ വീഴ്ചകൾക്ക് പോലും വലിയ വില കൊടുക്കേണ്ടി വരും; മുഖ്യമന്ത്രി ഉത്തരവാദിത്തം നിറവേറ്റണം: സിപിഐ എം

cpim keral flood.jpg
വെബ് ഡെസ്ക്

Published on Aug 02, 2026, 04:05 PM | 2 min read

തിരുവനന്തപുരം: കാലവർഷ കെടുതിയും കടലാക്രമണവുമുൾപ്പെടെ സംസ്ഥാനത്തെ അതിരൂക്ഷമായ സാഹചര്യങ്ങൾ മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി ഡി സതീശൻ നിറവേറ്റണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിലേറെ കുടുംബങ്ങൾ ദുരിതത്തിലാണ്. അരക്ഷിതാവസ്ഥയിലുള്ള ജനങ്ങൾ പ്രതീക്ഷ വയ്ക്കുന്നത് സംസ്ഥാന സർക്കാരിലും മുഖ്യമന്ത്രിയിലുമാണ്. സർക്കാർ സംവിധാനത്തെ ഏകോപിപ്പിക്കാൻ ഏറ്റവും ഉത്തരവാദിത്വപ്പെട്ടയാളായാണ് മുഖ്യമന്ത്രി. ജനങ്ങളാകമാനം ദുരിതത്തിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ സർക്കാർ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവർത്തിക്കണം. മന്ത്രിമാരെ മാത്രം ചുമതലയേൽപ്പിച്ച് മാറി നിൽക്കേണ്ടയാളല്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നതാണ് ഭരണാധികാരിയുടെ പ്രഥമ കടമ. അതു നിർവഹിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാനാകൂ.


സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നതും ജനം ദുരിതമനുഭവിക്കുമ്പോൾ വിരുന്നു നടക്കുന്നുവെന്നതും മുഖ്യമന്ത്രിക്കെതിരെ പൊതുസമൂഹത്തിൽ കടുത്ത വിമർശത്തിന് ഇടയാക്കിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും അവശ്യഘട്ടങ്ങളിലും ഉപയോഗിക്കാനാണ് സംസ്ഥാനം ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. എൽഡിഎഫ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തപ്പോൾ അതിനെ ധൂർത്ത് എന്ന് വിമർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവാണ് ഇപ്പോൾ മുഖ്യമന്ത്രി.


ജനങ്ങളെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും പ്രതിപക്ഷം നൽകുമെന്നും സിപിഐ എം അറിയിച്ചു. ഇപ്പോൾ തന്നെ എൽഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിൽ രംഗത്തുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോൾ യുഡിഎഫ് എടുത്ത നിലപാട് ഇപ്പോൾ എൽഡിഎഫ് സ്വീകരിക്കില്ല. ഒരുമിച്ചിറങ്ങി ഈ ദുരന്തത്തെ നേരിടാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ജനങ്ങളോട് അഭ്യർഥിച്ചു. പ്രകൃതി ദുരന്തത്തിന്റെ ഈ ഘട്ടത്തിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾക്ക് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്ന് സർക്കാർ തിരിച്ചറിയണം. ഏറ്റവും കൂടുതൽ മഴ പെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ രാവിലെ വരെ ഓറഞ്ച് അലർട്ട് മാത്രമാണുണ്ടായിരുന്നത്. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നുവെന്നത് ഈ കെടുകാര്യസ്ഥതയുടെ തെളിവാണ്. ജനങ്ങളെ സുരക്ഷിത സ്ഥാനത്ത് പാർപ്പിക്കുന്നതിനും അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് അതീവ ഗൗരവമാണ്.


പമ്പ കരകവിഞ്ഞ് വെള്ളപ്പൊക്ക സാധ്യതയുണ്ടായിട്ടും ആളുകളെ മാറ്റിപാർപ്പിക്കാൻ തയ്യാറായില്ല. കേളത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ അതിതീവ്ര മഴ സാധ്യത പ്രവചിച്ചിരുന്നുവെങ്കിലും മുൻകൈയെടുക്കുവാൻ സർക്കാർ തയ്യാറായില്ല. ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം നിർവഹിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ 13 മണിക്കൂർ വൈകിയാണ് കോസ്റ്റൽ പൊലീസ് എത്തിയത്. ഇത്തരത്തിൽ വലിയതോതിലുള്ള അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മുൻവർഷങ്ങളിൽ സംസ്ഥാനം മഴക്കെടുതിയടക്കമുള്ള ദുരിതങ്ങൾ നേരിട്ടപ്പോൾ മുഖ്യമന്ത്രിയും ഓഫീസും ആദ്യാവസാനം 24 മണിക്കൂറും ജാഗ്രതയോടെ ഇടപെട്ടിരുന്നു. വലിയ പ്രതിഷേധത്തിലേക്കും രോഷ പ്രകടനങ്ങളിലേക്കും ഈ ഘട്ടത്തിൽ സംസ്ഥാനത്തെ എത്തിക്കരുത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഉടൻ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം. കാലവർഷക്കെടുതിയുടെ ഭാഗമായി ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിയെ നേരിടുന്നതിന് എല്ലാ പാർടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home