സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം; പുതിയ ചട്ടങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിലെ ഫാർമസികളുടെ പ്രവർത്തനത്തിനുള്ള ചട്ടങ്ങൾ ഭേദഗതിചെയ്‌ത് കുവൈത്ത്. ലൈസൻസ് അനുവദിക്കൽ, പ്രവർത്തനം, മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും കൈകാര്യം എന്നിവയ്‌ക്കാണ് ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറത്തിറക്കിയ 2026ലെ 235–-ാം നമ്പർ മന്ത്രിതല തീരുമാനത്തിലാണ് പുതിയ വ്യവസ്ഥകൾ.
പുതുതായി ആരംഭിക്കുന്ന ഫാർമസിയും നിലവിലുള്ള ഏറ്റവും അടുത്ത ഫാർമസിയും തമ്മിൽ എല്ലാ ദിശകളിലും കുറഞ്ഞത് 1000 മീറ്റർ അകലം ഉണ്ടായിരിക്കണം. എന്നാൽ, സഹകരണ സംഘങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ഫാർമസികൾക്ക് നിശ്ചിത വ്യവസ്ഥകൾ പ്രകാരം ഇളവ് ലഭിക്കും.
നിലവിലുള്ള ഫാർമസികളുടെ ലൈസൻസ് പുതുക്കുമ്പോഴോ സ്ഥലം മാറ്റുമ്പോഴോ പുതിയ ചട്ടങ്ങൾക്കനുസൃതമായി ക്രമീകരിക്കും. നിലവിലെ സ്ഥലത്ത് ആദ്യം ലൈസൻസ് ലഭിച്ച തീയതിയുടെ അടിസ്ഥാനത്തിലായിരിക്കും മുൻഗണന നിശ്ചയിക്കുക. സ്ഥലം മാറ്റാൻ നിർദേശിക്കപ്പെടുന്ന ഫാർമസികൾക്ക് പുതിയ സ്ഥലം കണ്ടെത്താൻ മൂന്നുമാസം അനുവദിക്കും. ആവശ്യമെങ്കിൽ സമാന കാലയളവിലേക്ക് നീട്ടാം.
സ്വകാര്യ ഫാർമസി ലൈസൻസുകളുടെ കാലാവധി നാലുവർഷമായിരിക്കും. ഫാർമസിയിലെ താപനില 25 ഡിഗ്രിയിൽ താഴെയായി നിലനിർത്തണം. ശീതീകരണം ആവശ്യമായ മരുന്നുകൾ രണ്ടുമുതൽ എട്ട് ഡിഗ്രിവരെ താപനിലയിൽ സൂക്ഷിക്കണം. കാലാവധി കഴിഞ്ഞ മരുന്നുകൾ പ്രത്യേകം സുരക്ഷിതമായി മാറ്റിവയ്ക്കുകയും നിയന്ത്രിത മരുന്നുകൾ സുരക്ഷിതമായ അലമാരകളിൽ സൂക്ഷിക്കുകയും വേണം.
ഓരോ ഫാർമസിയിലും ലൈസൻസുള്ള മാനേജറെ നിയമിക്കണം. ഒരാൾക്ക് ഒരേസമയം ഒന്നിലധികം ഫാർമസികളുടെ മാനേജരായി പ്രവർത്തിക്കാൻ അനുമതിയില്ല. സ്വദേശികളല്ലാത്ത ഫാർമസിസ്റ്റുകളെ നിയമിക്കുന്ന ഫാർമസികളിൽ കുറഞ്ഞത് ലൈസൻസുള്ള ഒരു സ്വദേശി ഫാർമസിസ്റ്റും ഉണ്ടായിരിക്കണം. ഫാർമസിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും ഹാജർ രേഖകൾ കർശനമായി സൂക്ഷിക്കണം. അവരുടെ പ്രതിമാസ ജോലി സമയത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും പുതിയ ചട്ടത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.










0 comments