ad
Deshabhimani

ഉദ്യോഗസ്ഥ അനാസ്ഥ; കോഴിക്കോട്ടെ കൈത്തറി യൂണിഫോം നെയ്ത തൊഴിലാളികൾക്ക് ഓണക്കാലത്തും കൂലിയില്ല

Handloom Workers
avatar
പി എസ് മഞ്ജരി

Published on Aug 19, 2026, 05:26 PM | 2 min read

തിരുവനന്തപുരം : കോഴിക്കോട് ജില്ലയിലെ കൈത്തറി തൊഴിലാളികൾ ഓണക്കാലത്തും ദുരിതത്തിലേക്ക്. കൈത്തറി യൂണിഫോം നെയ്ത വകയിലുള്ള പത്ത് മാസക്കാലത്തെ കൂലി വിതരണം ചെയ്യാൻ സർക്കാർ തുക അനുവദിച്ചെങ്കിലും ഉദ്യോ​ഗസ്ഥരുടെ വീഴ്ച കാരണം കോഴിക്കോട്ടെ തൊഴിലാളികൾക്ക് അർഹമായ തുക ലഭിച്ചില്ല. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ അനാസ്ഥയും നിരുത്തരവാദിത്തവും കാരണമാണ് തൊഴിലാളികൾക്ക് കൂലി നഷ്ടമായത്. ഇതിൽ പ്രതിഷേധിച്ച് ജില്ല വ്യവസായ കേന്ദ്രത്തിലെ ഓണാഘോഷം ഉപരോധിക്കുമെന്ന് കേരള ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ വ്യക്തമാക്കി.


മാർച്ച് മാസം വരെയുള്ള യൂണിഫോം നെയ്ത്ത് കൂലിയായി 29 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ കോഴിക്കോട് ജില്ലക്ക് മാത്രം തുക അനുവദിച്ചിരുന്നില്ല. ഇതിൻ്റെ കാരണം കൈത്തറി ഡയറക്ടറേറ്റിൽ അന്വേഷിച്ചപ്പോഴാണ് ഉദ്യോ​ഗസ്ഥരുടെ അനാസ്ഥ വ്യക്തമായത്. കോഴിക്കോട് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൃത്യമായ കണക്കുകൾ നൽകാത്തതാണ് ഫണ്ട് അനുവദിക്കാതിരിക്കാൻ കാരണം. ഡയറക്ടറേറ്റിൽ നിന്ന് ആവശ്യപ്പെട്ടിട്ടും കണക്കുകൾ നൽകാൻ ഉദ്യോ​ഗസ്ഥർ തയ്യാറായില്ല.


മറ്റു ജില്ലകൾക്കെല്ലാം നൽകിയ ശേഷം ബാക്കിവന്ന 44 ലക്ഷം രൂപ രണ്ടാമതൊരു ഉത്തരവിലൂടെ കോഴിക്കോട് ജില്ലക്ക് അനുവദിച്ചിട്ടുണ്ട്. ഉദ്യോ​ഗസ്ഥർ കണക്കുകൾ നൽകിയില്ലെങ്കിൽ പോലും തുക അനുവദിക്കുന്നതായി ഈ ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ തൊഴിലാളികളുടെ കുടിശ്ശിക തീർക്കാൻ 1,57,41,983 രൂപ വേണം. നിലവിൽ അനുവദിച്ച തുകയ്ക്ക് പുറമെ 1,13,07,397 രൂപ കൂടി ലഭിച്ചാൽ മാത്രമേ തൊഴിലാളികൾക്ക് മുഴുവൻ കൂലിയും നൽകാൻ കഴിയൂ. എന്നാൽ ബാക്കി തുക അനുവദിക്കണമെങ്കിൽ പുതിയ ഉത്തരവിറക്കണം. ഓണത്തിന് മുൻപ് പുതിയ ഉത്തരവിറക്കി ഫണ്ട് പാസാക്കാൻ കഴിയില്ലെന്ന യാഥാർഥ്യം തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.


ഉദ്യോ​​ഗസ്ഥരുടെ അനാസ്ഥ ചോദ്യം ചെയ്യാനെത്തിയ ജില്ലയിലെ 28 കൈത്തറി സംഘങ്ങളുടെ ഭാരവാഹികളോട് ജില്ല വ്യവസായ കേന്ദ്രം തെറ്റുപറ്റിയതായി സമ്മിതിച്ചു. കണക്കുകൾ അയക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു വ്യവസായ കേന്ദ്രത്തിന്റെ വിശദീകരണം. ഈ വിഷയത്തിൽ പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് ഡെപ്യൂട്ടി രജിസ്ട്രാർ അടക്കമുള്ള ഉത്തരവാദിത്തപ്പെട്ടവർ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇനി കുറഞ്ഞ പ്രവൃത്തിദിവസങ്ങളെ ബാക്കിയുള്ളൂ എന്നിരിക്കെ ഓണത്തിന് മുൻപ് കൂലി കിട്ടിയില്ലെങ്കിൽ തൊഴിലാളികളുടെ ഓണാഘോഷം ദുരിതത്തിലാകുമെന്ന് കേരള ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ വി ബാബു പറഞ്ഞു. ഓണത്തിന് മുൻപ് കൂലി കൃത്യമായി കിട്ടിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനാണ് അസോസിയേഷൻ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home