ബിജെപിയുടെ അപകടരാഷ്ട്രീയത്തെ എന്നും എതിർക്കും; ഭയപ്പെട്ട് പിന്മാറില്ല: മുഹമ്മദ് റിയാസ്

കോഴിക്കോട് : ബിജെപി ഉയർത്തുന്ന അപകടകരമായ രാഷ്ട്രീയത്തെ എന്നും എതിർക്കുമെന്നും എതിർപ്പുകൾ പ്രകടിപ്പിക്കുന്നത് തുടരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎ പറഞ്ഞു. ഇ ഡിയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണ് ബിജെപിയെന്ന് വ്യക്തമാണ്. ഭയപ്പെട്ട് മാറാൻ തീരുമാനിച്ചിട്ടില്ല. ബിജെപി ഉയർത്തുന്ന അപകടകരമായ രാഷ്ട്രീയത്തെ എന്നും എതിർക്കുമെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
എക്‌സാലോജിക് കമ്പനി വിഷയത്തിൽ കരാർ പ്രകാരം സേവനം നൽകി അക്കൗണ്ടിലൂടെ പണം നൽകിയ വിഷയത്തെച്ചൊല്ലി ഒരുപാട് വാർത്തകൾ വന്നിരുന്നു. നിയമപരമായി നേരിടാനാണ് തീരുമാനം. സേവനം നൽകിയിരുന്നുവെന്ന് സേവനം ലഭിച്ചവരും കൊടുത്തവരും വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് റെയ്ഡ് നടന്നത്. സർക്കാർ മാറി പുതിയ സർക്കാർ വന്നതോടെ റെയ്ഡ് വ്യാപകമായി. കോഴിക്കോടും തിരുവനന്തപുരത്തും റെയ്ഡ് നടന്നു. ഇതിലൊന്നും നിയമവിരുദ്ധമായ ഒന്നും കണ്ടെത്തിയില്ല.
എന്നാൽ വസ്തുതാ വിരുദ്ധമായ നിരവധി വാർത്തകൾ റെയ്ഡിനെപ്പറ്റി വന്നിരുന്നു. വീണ പുതിയ സ്ഥാപനം തുടങ്ങിയെന്നുപറഞ്ഞാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. ഇത് പുതിയ സ്ഥാപനമല്ല. രാഷ്ട്രീയബന്ധമുള്ളതിനാൽ ഒരു സ്വതന്ത്രവ്യക്തിക്ക് ബിസിനസ് നടത്താൻ പാടില്ല എന്ന് നിയമമില്ല. ലോക്കർ ഇന്ത്യ കോർപ് കമ്പനി ഭാര്യയുടെ സ്ഥാപനമാണെന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണപരവും രാഷ്‌ട്രീയവുമായ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കാം. ഏത് അന്വേഷണവും നടത്താം.
എങ്കിലും അസംബന്ധങ്ങളും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. നിയമപരമായി ദീർഘകാലമായി ബിസിനസ് ചെയ്യുന്നവരെയും റെയ്ഡിന്റെ ഭാഗമായി മണിക്കൂറുകളോളം ചോദ്യം ചെയ്തു. പുകമറ സൃഷ്ടിച്ച് സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമം ഒരുഭാഗത്ത് നടക്കുന്നുണ്ട്. വിഷയം രാഷ്‌ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനം. കോൺഗ്രസുകാർ ഇ ഡിയെ പേടിച്ച് ബിജപിയായിട്ടുണ്ട്. അതുപോലെ പേടിച്ചോടാൻ തീരുമാനിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.









0 comments