"ചോദ്യം ചോദിക്കുന്നവർ എങ്ങനെയാണ് രാജ്യദ്രോഹികളാകുന്നത്"; പിന്തിരിയാതെ വിദ്യാർഥികൾ

കാസർകോട് കേരള കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നു
കാസർകോട്: കാസർകോട് കേരള കേന്ദ്രസർവകലാശാലയിൽ ആർഎസ്എസ് അനുകൂല സെമിനാർ സംഘടിപ്പിച്ചത് ചോദ്യംചെയ്ത വിദ്യാർഥികളെ ഗവർണർ ആക്ഷേപിച്ചതിൽ പ്രതിഷേധം. വന്ദേമാതരം 150–-ാം വാർഷികത്തിന്റെ പേരിൽ നടത്തിയ സെമിനാറിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെതിരെയാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചത്. എന്നാൽ ഈ പ്രതിഷേധത്തിന് പിന്നിൽ പ്രത്യേക അജണ്ടയാണെന്നും പ്രതിഷേധക്കാർക്ക് മറ്റ് ചില ബന്ധങ്ങളുണ്ടെന്നുമായിരുന്നു ഗവർണർ രാജേന്ദ്ര ആർലേക്കർ സർവകലാശാലയിലെത്തി പ്രസംഗിച്ചത്.
ഗവർണറുടെ പരാമർശം തങ്ങളെ ആക്ഷേപിക്കുന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞു. "ചോദ്യം ചോദിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. മതനിരപേക്ഷമായ കാമ്പസിൽ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിനെയാണ് ചോദ്യം ചെയ്തത്. ഗവർണർ മാപ്പ് പറയണം."- വിദ്യാർഥികൾ പറഞ്ഞു. വൈസ് ചാൻസലർ സ്ഥലത്തെത്തി വിഷയത്തിൽ ഇടപെടണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
ആർഎസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. പൊലീസിനെ കാമ്പസിനകത്ത് കയറ്റി പ്രതിഷേധത്തെ അടിച്ചമർത്താനാണ് നീക്കമെന്ന് വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ ദിവസവും നടന്ന പ്രതിഷേധത്തിനുനേരെ പൊലീസ് അതിക്രമമുണ്ടായിരുന്നു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എസ് സെയ്‌ദ് അലിയടക്കം എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കുകയും ആർഎസ്‌എസ് അനുകൂല പ്രഭാഷണം നടത്തുകയും ചെയ്‌തു. പ്രതിഷേധിച്ച പെൺകുട്ടികളെ പുരുഷ പൊലീസുകാരാണ് തടഞ്ഞത്. ആർഎസ്‌എസ് നേതാവും പ്രജ്ഞാപ്രവാഹ് ദേശീയ കൺവീനറുമായ ജെ നന്ദകുമാറിനെ മുഖ്യ പ്രഭാഷകനാക്കിയ സെമിനാർ പൊലീസ് സംരക്ഷണയിലാണ് നടത്തിയത്.









0 comments