Deshabhimani

ജനക്ഷേമം പെരുവഴിയിലാക്കുന്ന വിസ്മയങ്ങള്‍ തുടരുന്നു ; മുടങ്ങിയത് നിരവധി ക്ഷേമ പദ്ധതികള്‍

v d satheesan
വെബ് ഡെസ്ക്

Published on Oct 07, 2026, 02:11 PM | 2 min read

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ മുടങ്ങിപ്പോകുന്ന ക്ഷേമ പദ്ധതികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ഭൂരിഭാ​ഗം ജനകീയ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്നും യുഡിഎഫ് സർക്കാർ പിന്നോട്ട് പോവുകയാണ്.


സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ വിദ്യാർഥികളുടെ ലംപ്സം ഗ്രാൻ്റ് വിതരണം മുടങ്ങിയിട്ട് നാല് മാസം പിന്നിട്ടു. വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന പഠന ധന സഹായമാണ് മുടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ എട്ട് ലക്ഷത്തോളം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി.


വീട്ടമ്മമാർക്ക് പ്രതിമാസം ആയിരം രൂപ ലഭ്യമാക്കുന്ന ‘സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി’ യും മുടങ്ങി. സ്ത്രീ സുരക്ഷാ പെൻഷൻ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചതാണെന്നും ഈ കാര്യത്തിൽ യുഡിഎഫ് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന യുഡിഎഫ് സർക്കാരാണ് സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയിൽ തീരുമാനമാക്കാതെ തുടരുന്നത്.


സംസ്ഥാന വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിന്റെ 80 വർഷത്തെ ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി. 530 സ്ഥിരം ജീവനക്കാരുടെയും നൂറുകണക്കിന് കാഷ്വൽ, കരാർ ജീവനക്കാരുടെയും ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലെ ശമ്പളമാണ്‌ മുടങ്ങിയത്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം ജൂണിൽ ശമ്പളം നൽകാനെന്നപേരിൽ അസംസ്കൃത വസ്തുക്കൾ വാങ്ങാതെ ഉൽപ്പാദനം നിർത്തിവച്ചിരുന്നു. എന്നിട്ടും ശമ്പളം മുടക്കമില്ലാതെ നൽകാനോ ഉൽപ്പാദനം പൂർണതോതിൽ ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല.


ആരോ​ഗ്യമേഖലയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അവശ്യമരുന്നുകളുടെ വിതരണം മുടങ്ങിയത്. വിതരണം പൂർണമായും നിലച്ചിട്ട് മൂന്നുമാസം പിന്നിട്ടു. നീതി മെഡിക്കൽ സ്റ്റോറുകൾവഴി വിതരണംചെയ്ത മരുന്നുകളുടെ വൻ തുക കുടിശ്ശികയാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ കാസർകോട് ജില്ലയിലെ 11 പഞ്ചായത്തുകളിലെ എൻഡോസൾഫാൻ ദുരിതബാധിതരാണ് പ്രതിസന്ധിയിലായത്.

.

18 മുതൽ 30 വയസ്സുവരെയുള്ള യുവജനങ്ങൾക്ക്‌ പ്രതിമാസം 1000 രൂപ നൽകിയിരുന്ന പദ്ധതിയാണ്‌ മുഖ്യമന്ത്രിയുടെ കണക്ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്‌. ഇ‍ൗ പദ്ധതിയും യുഡിഎഫ്‌ സർക്കാർ നിർത്തലാക്കി.


എൽഡിഎഫ്‌ സർക്കാർ പത്ത്‌ വർഷം മുടക്കമില്ലാതെ നൽകിയ പ്രവാസി ക്ഷേമ പെൻഷനും യുഡിഎഫ്‌ സർക്കാർ വന്നതോടെ മുടങ്ങി. പതിനായിരക്കണക്കിന്‌ പ്രവാസികളുടെയും കുടുംബങ്ങളുടെയും ആശ്രയമായ പ്രവാസി ക്ഷേമനിധി ബോർഡിനെ അവ​ഗണിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊണ്ടത്.


അടിയന്തിര പ്രളയ ദുരിതാശ്വാസവും വൈകുന്നു. പ്രളയം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം പല കുടുംബങ്ങൾക്കും ലഭിച്ചിട്ടില്ല. തെരഞ്ഞെടുത്ത കുറച്ചുപേർക്ക് പകുതി പണം നൽകിയതോടെ നടപടികൾ മന്ദഗതിയിലായി. അർഹരായവരുടെ പട്ടിക പോലും തയാറാക്കിയിട്ടില്ല.


അട്ടപ്പാടിയിൽ ആറ് മാസം മുതൽ മൂന്ന് വയസ്സുവരെയുള്ള ആദിവാസി കുട്ടികളുൾപ്പെടെയുള്ളവർക്കുള്ള പോഷകാഹാര വിതരണവും നിലച്ചു. അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതംപൊടിയിൽ ചേർക്കുന്നതിനുള്ള ​ഗോതമ്പ് മൂന്ന് മാസമായി വിതരണം ചെയ്യുന്നില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home