ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തിവെച്ചതായി യുഎഇ

ദുബൈ : ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ വിനിമയ, സാമ്പത്തിക ഇടപാടുകളും നിർത്തിവച്ചതായി യുഎഇ. പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് തീരുമാനം. ചൊവ്വാഴ്ച രാത്രി യുഎഇയിലുടനീളം മിസൈൽ ആക്രമണ മുന്നറിയിപ്പ് അലർടുകൾ വന്നിരുന്നു. തുടർന്ന് മുന്നറിയിപ്പ് വന്ന പ്രദേശത്തുള്ളവരോട് മാറി താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ആഴ്ചകൾക്കുശേഷം ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ്. അതേസമയം രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വന്നതായും അത് കടലിൽ പതിച്ചതായും യുഎഇ അറിയിച്ചു. എന്നാൽ ഇറാൻ ഔദ്യോഗികമായി ഇക്കാര്യം നിഷേധിച്ചു.
"പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും തുരങ്കം വയ്ക്കുന്ന പ്രാദേശിക സംഘർഷങ്ങളുടെ വെളിച്ചത്തിൽ, ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ വിനിമയങ്ങളും സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നു," മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സമുദ്ര ഗതാഗതം ലക്ഷ്യമിട്ടാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ അവ യുഎഇ കപ്പലുകളെയാണോ അതോ രാജ്യത്തിന്റെ സമുദ്രാതിർത്തിയെയാണോ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. യുഎഇയിലേക്ക് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.
ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചത്. ഇതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിർത്തിവെച്ചു. ഇറാനെതിരെ യുഎസ് ആക്രമണം കടുപ്പിച്ചതോടെ യുഎഇയിലടക്കമുള്ള യുഎസ് സൈനികതാവളങ്ങൾക്കെതിരെ ഇറാൻ പ്രത്യാക്രമണം തുടർന്നു.
ഇതോടെ പ്രധാന വ്യാപാര പങ്കാളികളായിരുന്ന ഇറാനും യുഎഇയും തമ്മിലുള്ള വ്യാപാരം ഭൂരിഭാഗവും നിലച്ചു. ജൂൺ അവസാനത്തോടെ ചില സമുദ്ര വ്യാപാരം പുനരാരംഭിച്ചതായി ഇറാൻ അറിയിച്ചിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിക്കുന്നതിന് മുൻപ്, യുഎഇ ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിയായിരുന്നു. ഏകദേശം 7 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഇറാന്റെ കയറ്റുമതിയുടെ 13 ശതമാനത്തോളം യുഎഇയിലേക്കാണ് എത്തിയിരുന്നത്.
അമേരിക്കൻ സൈനിക ആക്രമണങ്ങൾക്ക് യുഎഇയും ഗൾഫിലെ മറ്റ് യുഎസ് സഖ്യകക്ഷികളും സഹായം നൽകുന്നതായി ഇറാൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ആക്രമണകാരിയായ യുഎസ് സൈന്യത്തിന് നൽകുന്ന ഏതൊരു സഹായമോ സൗകര്യമോ യുഎസ് സൈനിക സേനയ്‌ക്കൊപ്പം പങ്കെടുക്കുന്നതിന് തുല്യമാണെന്ന് ഇറാന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ അലി അബ്ദുള്ളഹി മുന്നറിയിപ്പ് നൽകിയിരുന്നു.










0 comments