മഴയ്ക്ക് പിന്നാലെ കുവൈത്ത് കടുത്ത തണുപ്പിന്റെ പിടിയിൽ; മൂടൽമഞ്ഞും ശക്തമായ കാറ്റും

കുവൈത്ത് സിറ്റി: മഴ ശമിച്ചെങ്കിലും രാജ്യം കടുത്ത ശൈത്യാവസ്ഥയുടെ പിടിയിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴ കുറഞ്ഞെങ്കിലും, ആകാശം മേഘാവൃതമായി തുടരുകയും തണുപ്പും മൂടൽമഞ്ഞും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി അനുഭവപ്പെടുകയും ചെയ്തു. ശക്തമായ കാറ്റ് പല പ്രദേശങ്ങളിലും സാധാരണ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചു.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് മരുഭൂമിപ്രദേശങ്ങളിലാണ് തണുപ്പ് കൂടുതൽ രൂക്ഷമായി അനുഭവപ്പെട്ടത്. വടക്ക്–പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് രൂപംകൊണ്ട ഉയർന്ന മർദ്ദ സംവിധാനവും തണുത്ത വായുപിണ്ഡവുമാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണം എന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദിരാർ അൽ അലി വ്യക്തമാക്കി. മിതമായതും ചില ഘട്ടങ്ങളിൽ ശക്തമായതുമായ വടക്ക്പ ടിഞ്ഞാറൻ കാറ്റ് രാജ്യത്തെ ബാധിച്ചുവരികയാണ്.
ചില മേഖലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിലധികം വേഗത്തിൽ കാറ്റ് വീശിയതോടെ പൊടിപടലങ്ങൾ ഉയർന്നു. ഇതോടെ ചില പ്രദേശങ്ങളിൽ ദൃശ്യപരത ഗണ്യമായി കുറഞ്ഞതായും അധികൃതർ അറിയിച്ചു. ഹൈവേകളും തുറന്ന പ്രദേശങ്ങളും വഴി യാത്ര ചെയ്യുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
വരുന്ന ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും തണുപ്പ് തുടരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശൈത്യാവസ്ഥ ശക്തമാകുന്ന സാഹചര്യത്തിൽ പുറത്തേക്ക് പോകുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്ന അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർദേശിച്ചു.
നിലവിൽ രാജ്യം ‘മുറബ്ബാനിയ്യ’ സീസണിന്റെ അവസാനഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കടുത്ത തണുപ്പ് തുടരുമെന്ന സൂചനകളാണ് നിലവിലെ കാലാവസ്ഥ നൽകുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയതുപോലെ അസാധാരണമായ ശൈത്യാവസ്ഥയും മൂടൽമഞ്ഞും ശക്തമായ കാറ്റും വീണ്ടും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, പൊതുജനങ്ങളും വാഹനയാത്രക്കാരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.










0 comments