ശക്തമായ മൂടൽമഞ്ഞ്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

കുവൈത്ത് സിറ്റി : രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങളിൽ സ്ഥിരതയും ദൃശ്യപരതയിൽ പുരോഗതിയും ഉണ്ടായതിനെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗ്, ടേക്ക് ഓഫ് വിമാന സർവീസുകൾ പുനരാരംഭിച്ചതായി സിവിൽ വിമാനയാന ജനറൽ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ രാജ്ഹി അറിയിച്ചു.
നിലവിൽ വിമാനത്താവളത്തിലെ പ്രവർത്തന സാഹചര്യം സുസ്ഥിരമാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി പതിവ് വിമാനം ഷെഡ്യൂളുകൾക്കനുസരിച്ച് സർവീസുകൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിമാന ഗതാഗതത്തിന്റെ സുഗമമായ പ്രവാഹവും പ്രവർത്തനങ്ങളുടെ പരമാവധി സുരക്ഷയും ഉറപ്പാക്കുന്നതിനായി സിവിൽ വിമാനയാന ജനറൽ ഡയറക്ടറേറ്റ് കാലാവസ്ഥാ മാറ്റങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും അൽ രാജ്ഹി പറഞ്ഞു.
പുലർച്ചെ 2 മണിയോടെ പ്രദേശത്ത് പടർന്ന ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിംഗ് നടപടികൾ താൽക്കാലികമായി തടസപ്പെടുകയും, ചില വിമാനങ്ങൾ സുരക്ഷാ വിലയിരുത്തലിന് അനുസൃതമായി അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് സിവിൽ വിമാനയാന ജനറൽ ഡയറക്ടറേറ്റിന് മുൻഗണനാമൂല്യമെന്നും, ഉയർന്ന നിലവാരത്തിലുള്ള വ്യോമസുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ബന്ധപ്പെട്ട അധികാരികളുമായും എയർലൈൻ കമ്പനികളുമായും ഏകോപിപ്പിച്ച് നടപ്പിലാക്കിയതായും അബ്ദുള്ള അൽ രാജ്ഹി കൂട്ടിച്ചേർത്തു.










0 comments