കുവൈത്ത് അമീറിന് ഫ്രാൻസിന്റെ പരമോന്നത ബഹുമതി

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ഫ്രാൻസിന്റെ പരമോന്നത ദേശീയ ബഹുമതിയായ ‘നാഷണൽ ഓർഡർ ഓഫ് ദ ലീജിയൻ ഓഫ് ഓണർ’ നൽകി ആദരിച്ചു. കുവൈത്ത് സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ബഹുമതി സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വിപുലീകരിക്കുന്നതിനും അമീർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരം.
ഉഭയകക്ഷിബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച് മാക്രോണിന് കുവൈത്തിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് മുബാറക് അൽ കബീർ’ അമീറും സമ്മാനിച്ചു. ഇത് രണ്ടാം തവണയാണ് കുവൈത്ത് അമീറിന് ഫ്രാൻസിന്റെ പരമോന്നത ബഹുമതി ലഭിക്കുന്നത്. 2006ൽ അന്നത്തെ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെയും ഈ ബഹുമതി നൽകി ആദരിച്ചിരുന്നു.
സന്ദർശനത്തിന്റെ ഭാഗമായി സാമ്പത്തികം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നു. വിവിധ മേഖലകളിലെ സഹകരണത്തിനായി ഇരുരാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു.
ബയാൻ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചർച്ചകൾക്ക് അമീറും മാക്രോണും നേതൃത്വം നൽകി. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ-്‌ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവർ പങ്കെടുത്തു.









0 comments