കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾക്ക് കർശന നിരീക്ഷണം; കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർദേശം

കുവൈത്ത് സിറ്റി: തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്) കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്താൻ കുവൈത്ത് സെൻട്രൽ ബാങ്ക് രാജ്യത്തെ പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകി. സാമ്പത്തിക ഇടപാടുകളിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി എ സി ഐ) സംവിധാനവുമായി ഓട്ടോമേറ്റഡ് ബന്ധം സ്ഥാപിച്ചതായി സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതുവഴി തൊഴിൽ അനുമതി അസാധുവായ തൊഴിലാളികളുടെ സിവിൽ ഐഡി നമ്പറുകളും പേരുകളും ബാങ്കുകൾക്ക് നേരിട്ട് ലഭ്യമാകും. ഉപഭോക്തൃ വിവരങ്ങൾ സമയബന്ധിതമായി പുതുക്കുന്നതിനും പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ ദുരുപയോഗം തടയുന്നതിനും ഇത് സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
മുൻകാലങ്ങളിൽ ആവശ്യമായ വിവരങ്ങളുടെ അഭാവം മൂലം ചില അക്കൗണ്ടുകൾ തുടർച്ചയായി സജീവമായി നിലനിന്നിരുന്നുവെന്നും, ഇത് തട്ടിപ്പുകൾക്കും നിയമവിരുദ്ധ ഇടപാടുകൾക്കും സാധ്യത സൃഷ്ടിച്ചതായും സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.
കെ വൈ സി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ആവശ്യമായ നടപടികൾ വൈകാതെ സ്വീകരിക്കണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകി.
ഇതിനോടൊപ്പം, ധനകാര്യ സ്ഥാപനങ്ങളിലെ നിയമ വിഭാഗങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് റിപ്പോർട്ടിംഗ് സംവിധാനം ശക്തിപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. റിപ്പോർട്ടുകളിൽ കണ്ടെത്തലുകളുടെ വ്യക്തമായ സംഗ്രഹം, തിരിച്ചറിഞ്ഞ അപകടസാധ്യതകൾ, പ്രവർത്തന പദ്ധതികൾ എന്നിവ ഉൾപ്പെടുത്തണം. സംശയാസ്പദവും സങ്കീർണ്ണവുമായ ഇടപാടുകൾ പ്രത്യേകം പരിശോധിച്ച് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ സാമ്പത്തിക മേഖലയിലെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദ ഫണ്ടിംഗ് നിയന്ത്രിക്കുന്നതിനുമായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന തുടർച്ചയായ കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം.









0 comments