Deshabhimani

രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കണം: കുവൈത്ത്

Kuwait

കുവൈത്ത് ധനമന്ത്രി ഡോ. യാഖൂബ് അൽ റിഫാഈ

വെബ് ഡെസ്ക്

Published on Oct 07, 2026, 08:44 AM | 1 min read

കുവൈത്ത് : കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും വിവരകൈമാറ്റവും ശക്തമാക്കണമെന്ന് കുവൈത്ത് ധനമന്ത്രി ഡോ. യാഖൂബ് അൽ റിഫ. സാമ്പത്തിക സംവിധാനങ്ങൾ നിയമവിരുദ്ധ നടപടിക്ക്‌ ഉപയോഗിക്കുന്നത് തടയാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പശ്ചിമേഷ്യ–വടക്കൻ ആഫ്രിക്ക സാമ്പത്തിക പ്രവർത്തന സമിതിയുടെ പരിശീലന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരുടെ സാങ്കേതിക പരിജ്ഞാനവും സ്ഥാപനങ്ങളുടെ പ്രവർത്തനശേഷിയും മെച്ചപ്പെടുത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. അന്താരാഷ്‌ട്ര തലത്തിലെ പുതിയ പ്രവണതകളും പ്രതിരോധ മാർഗങ്ങളും പരിചയപ്പെടുന്നത് മാറിവരുന്ന വെല്ലുവിളികളെ നേരിടാൻ സഹായിക്കും. ഈ രംഗത്തെ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് ദേശീയ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കുറ്റകൃത്യങ്ങളുടെ രീതി മാറുന്നതിനനുസരിച്ച് പ്രതിരോധ സംവിധാനങ്ങളും നവീകരിക്കണമെന്ന് സമിതി പ്രസിഡന്റ് ഹാമിദ് അൽ സഅബി ആവശ്യപ്പെട്ടു. അതിവേഗ പണമിടപാടുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും വെർച്വൽ ആസ്‌തികളുടെ ദുരുപയോഗവും പണത്തിന്റെ ഉറവിടവും ഗുണഭോക്താക്കളെയും മറച്ചുവയ്‌ക്കാൻ അവസരമൊരുക്കുന്നു. അപകടസാധ്യത വിലയിരുത്തുന്നതിനൊപ്പം സാമ്പത്തിക നിരീക്ഷണവും വിവരവിശകലനവും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക തട്ടിപ്പുകൾ രാജ്യാതിർത്തികൾ കടന്നും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും വ്യാപിക്കുകയാണെന്ന് ദേശീയ സമിതി ചെയർമാനും കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് മേധാവിയുമായ ഡോ. ഹമദ് അൽ മെക്രാദ് പറഞ്ഞു. കുറ്റകൃത്യങ്ങളിൽനിന്നുള്ള വരുമാനം മറച്ചുവയ്‌ക്കാനും ഭീകരവാദത്തിന് പണം നൽകാനും വെർച്വൽ ആസ്തികൾ, ഡിജിറ്റൽ വാലറ്റുകൾ, നിർമിതബുദ്ധി സാങ്കേതികവിദ്യകൾ എന്നിവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home