സംരക്ഷണമില്ലാതെ കൊച്ചിയുടെ ചരിത്രസ്മാരകങ്ങൾ; ഇമ്മാനുവൽ കോട്ടയുടെ പീരങ്കിത്തറയുടെ ഭാഗം തകർന്നുവീണു

മട്ടാഞ്ചേരി: കൊച്ചിയുടെ ചരിത്രപൈതൃകത്തിന്റെ ശേഷിപ്പുകളിലൊന്നായ ഇമ്മാനുവൽ കോട്ടയുടെ അവശേഷിക്കുന്ന ഏകഭാഗമായ പീരങ്കിത്തറ (ഗണ്ണറി പോയിന്റ്) ഭാഗികമായി തകർന്നുവീണു. ബുധൻ രാത്രിപെയ്ത ശക്തമായ മഴയിലാണ് പീരങ്കിത്തറയുടെ ഭാഗങ്ങൾ ഇടിഞ്ഞുവീണത്.
1503-ൽ പോർച്ചുഗീസുകാർ നിർമിച്ചതാണ് ഇമ്മാനുവൽ കോട്ട. ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയതോടെ കോട്ടയുടെ ഭാഗങ്ങൾ തകർക്കുകയും പിന്നീട് അധികാരത്തിലെത്തിയ ബ്രിട്ടീഷുകാർ കോട്ട പൂർണമായും പൊളിച്ചുനീക്കുകയും ചെയ്തു. ഇതിന്റെ ശേഷിപ്പുകളായി പീരങ്കിത്തറയും കോട്ടമതിലിന്റെ ചെറിയൊരു ഭാഗവും മാത്രമാണ് അവശേഷിച്ചിരുന്നത്.
കടപ്പുറം നവീകരണത്തിന്റെ ഭാഗമായി കോട്ടമതിലിന്റെ അവശേഷിക്കുന്ന ഭാഗം പൊളിച്ചുനീക്കി ടൈൽസ് പാകുകയായിരുന്നു. നാലുമാസംമുമ്പ് പീരങ്കിത്തറയുടെ ഒരുഭാഗം അടർന്നുവീണിരുന്നു. അന്നുതന്നെ സ്മാരകം ബലപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയർന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായില്ല.
ഇതിനുപിന്നാലെയാണ് ശക്തമായ മഴയിൽ പീരങ്കിത്തറയുടെ മറ്റൊരു ഭാഗംകൂടി തകർന്നുവീണത്. കഴിഞ്ഞമാസം ശക്തമായ തിരയടിയിൽ പഴയ ലൈറ്റ് ഹൗസിനുസമീപത്തെ തീരമിടിഞ്ഞിരുന്നു. ഇവിടെ കോട്ടമതിലിന്റെ ഭാഗങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, തീരവും ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.
കൊച്ചിയുടെ ചരിത്ര അടയാളങ്ങൾ ഓരോന്നായി നശിക്കുമ്പോഴും അധികൃതർ കാഴ്ചക്കാരാണെന്നാണ് നാട്ടുകാരുടെയും ടൂറിസ്റ്റ് ഗൈഡുകളുടെയും ആരോപണം. ചരിത്രസ്മാരകങ്ങൾ പൂർണമായും ഇല്ലാതാകുന്നതിന് മുമ്പ് പുരാവസ്തു-പൈതൃക സംരക്ഷണവകുപ്പുകളുടെ അടിയന്തര ഇടപെടലും ശാസ്ത്രീയമായ സംരക്ഷണപ്രവർത്തനങ്ങളും വേണമെന്ന ആവശ്യം ശക്തമാകുകയാണ്.








0 comments