ബംഗാളിൽ ആക്രമണം അഴിച്ചുവിട്ട് ബിജെപി ഗുണ്ടകൾ: കിസാൻസഭ വൈസ് പ്രസിഡന്റ് അമൽ ഹാൽദറിന് പരിക്ക്

കൊൽക്കത്ത: കർഷക പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളിൽ വ്യാപക ആക്രമണം അഴിച്ച് വിട്ട് ബിജെപി ഗുണ്ടകൾ. കസേരക്കൊണ്ട് അടിയേറ്റ് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് അമൽ ഹാൽദറിന് തലയ്ക്ക് പരിക്കേറ്റു. ഇരുപതോളം പേർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) നേതൃത്വത്തിൽ ബർധമാനിൽ നടത്തിയ പ്രതിഷേധത്തിൽ സംയുക്ത കിസാൻ മോർച്ച സംസ്ഥാന കൺവീനർ കൂടിയായ അമൽ ഹാൽദർ പ്രസംഗിക്കുമ്പോഴാണ് ബിജെപി ഗുണ്ടകൾ ആക്രമിച്ചത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവർത്തകരുടെ അഴിഞ്ഞാട്ടം. വേദി അടിച്ചുതകർക്കുകയും കസേരകൾ എടുത്ത് മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് പരിക്കേറ്റ ഹാൽദറിനെയും മറ്റ് പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇത്തരമൊരു സംഭവം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ മുന്നിൽ വെച്ച് നടന്ന ഈ ആക്രമണം അങ്ങേയറ്റം ലജ്ജാകരമാണെന്നും അമൽ ഹാൽദർ പറഞ്ഞു. ബിജെപി-ആർഎസ്എസ് അക്രമികളാണ് ആക്രമണം നടത്തിയത്. നിരവധി സഖാക്കൾക്ക് പരിക്കേറ്റു. പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് എനിക്ക് നേരെ ആക്രമണമുണ്ടായത്. കസേരയും ഇഷ്ടികയും ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും അമൽ ഹാൽദർ പറഞ്ഞു.








0 comments