ad
Deshabhimani

സർവീസ് മാറ്റം യാത്ര റദ്ദാക്കലല്ല; ബദൽ സർവീസ് നൽകുമെന്ന് കുവൈത്ത് എയർവേയ്സ്

Kuwait Airways
വെബ് ഡെസ്ക്

Published on May 12, 2026, 01:17 PM | 1 min read

കുവൈത്ത് സിറ്റി : ചില വിമാന സർവീസുകളിലെ മാറ്റം യാത്ര റദ്ദാക്കല്ലെന്നും ബാധിക്കപ്പെടുന്ന യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുമെന്നും കുവൈത്ത് എയർവേയ്സ്. പുതിയ പ്രവർത്തന അനുമതികളും നിലവിലെ സർവീസ് ശേഷിയും പരിഗണിച്ചുള്ള പുനഃക്രമീകരണങ്ങളാണ് നടപ്പാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ബുക്കിങ്‌ സ്ഥിരീകരിച്ച യാത്രക്കാർക്ക്, സാധ്യമാകുന്ന ഏറ്റവുമടുത്ത തീയതിയിൽ പകരം സർവീസ് ലഭ്യമാക്കും. മാറ്റം ബാധിച്ചവർക്ക് ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ, ഭാവിയാത്രകൾക്കായി ഇലക്‌ട്രോണിക് വാലറ്റിൽ ക്രെഡിറ്റായി സൂക്ഷിക്കുകയോ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.


കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽനിന്ന് ഘട്ടം ഘട്ടമായ പ്രവർത്തന പദ്ധതിപ്രകാരം സർവീസുകൾ ക്രമേണ വർധിപ്പിച്ചുവരികയാണ്‌. ആഭ്യന്തര മന്ത്രാലയത്തോടും വ്യോമയാന അതോറിറ്റിയോടും സഹകരിച്ചാണ് നിലവിലെ സർവീസുകൾ നടത്തുന്നത്‌. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന. സുരക്ഷാ, പ്രവർത്തനപരമായ കാരണങ്ങളാൽ നിലവിൽ ദിവസവും എട്ടുമുതൽ 10 മണിക്കൂർവരെ മാത്രമാണ് ടെർമിനൽ നാലിൽനിന്ന് സർവീസുകൾ നടത്തുന്നത്. കുവൈത്ത് വിമാനത്താവളത്തെ ഇടത്താവളമാക്കി നടത്തുന്ന വിദേശ ട്രാൻസിറ്റ് വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.


ബലിപെരുന്നാൾ അവധിക്കാലത്തെ വർധിച്ച യാത്രാ ആവശ്യകത പരിഗണിച്ച് ലണ്ടനിലേക്കുള്ള സർവീസിൽ അധിക പ്രതിദിന വിമാനംകൂടി ഉൾപ്പെടുത്തി. മേയിലെ ചില സർവീസുകളിലെ മാറ്റം ദമ്മാം വിമാനത്താവളത്തിൽനിന്നുള്ള പ്രവർത്തനം വീണ്ടും കുവൈത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടതാണ്‌. പുതിയ അന്താരാഷ്ട്ര അനുമതികളും ഓപ്പറേറ്റിങ്‌ പെർമിറ്റുകളും ലഭ്യമാകുന്നതിന്‌ അനുസരിച്ചാണ് സർവീസുകൾ പുനഃക്രമീകരിക്കുന്നതെന്നും കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home