ഡൽഹിയിൽ ആവർത്തിക്കുന്ന കെട്ടിട അപകടങ്ങൾ വരുത്തിവയ്ക്കുന്നതോ?

ന്യൂഡൽഹി: ഡൽഹിയിലെ കെട്ടിട ദുരന്തങ്ങളുടെ പരമ്പരയിലേക്ക് ഒടുവിലത്തെ പേരായി സത്യനികേതൻ മാറുകയാണ്. ജീവനുവേണ്ടി ആളുകൾ നിലവിളിക്കുന്നതും രക്ഷാപ്രവർത്തകർ രാപ്പകലില്ലാതെ പൊരുതുന്നതുമായ ദൃശ്യങ്ങൾ രാജ്യതലസ്ഥാനത്തിന് ഇന്ന് പുതിയതല്ല. ഈ സമയത്ത് ലളിത പാർക്ക്, സാകേത്, രോഹിണി തുടങ്ങിയ ദുരന്തങ്ങൾ വീണ്ടും ഓർമ്മിക്കപ്പെടുകയാണ്.
ഡൽഹി സർവകലാശാലാ വിദ്യാർഥികൾ താമസിച്ചിരുന്ന സത്യനികേതനിലെ പിജി ഹോസ്റ്റൽ തകർന്നുവീണ് വൻ ദുരന്തമുണ്ടായതോടെ, തലസ്ഥാനത്തെ കെട്ടിടങ്ങളുടെ സുരക്ഷ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ബലക്ഷയം നേരിട്ട അടിത്തറയിലും ബേസ്‌മെന്റിലും നടത്തിയ അനധികൃത നവീകരണ പ്രവർത്തനങ്ങളാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങളിൽ ഭരണകൂടത്തിന്റെ വീഴ്ചയും പ്രധാനമാണ്. രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം സമാനമായ മൂന്ന് ദുരന്തങ്ങളാണ് ഡൽഹിയിൽ നടന്നിട്ടുള്ളത്. കെട്ടിടങ്ങളുടെ പെർമിറ്റ്, ബലക്ഷയം, കാലപ്പഴക്കം, അനധികൃത നിർമാണങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായ പരിശോധന നടത്തുന്നതിൽ സർക്കാരും അധികാരികളും പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നതായാണ് ഇത്തരം അപകടങ്ങൾ സൂചിപ്പിക്കുന്നത്.
രോഹിണിയെ നടുക്കിയ ദുരന്തം
കഴിഞ്ഞ ജൂലൈയിലാണ് രോഹിണിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണത്. നാല് നില കെട്ടിടമാണ് തകർന്നത്. രണ്ട് ഡിഡിഎ ഫ്ലാറ്റുകൾ ചേർത്ത് നിർമിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ പണികൾ നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരുടെ ജീവൻ അന്ന് നഷ്ടമായിരുന്നു. ഒരാൾ സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
2016 ൽ പ്രദേശം ഡീനോട്ടിഫൈ ചെയ്യുകയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറുകയും ചെയ്തു. ഡീനോട്ടിഫൈ ചെയ്ത പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഡൽഹി വികസന അതോറിറ്റിയാണ് മേൽനോട്ടം വഹിച്ചിരുന്നത്.
കണ്ണീരോർമയായി സാകേത്
രോഹിണിയിലെ അപകടത്തിന് തൊട്ടുമുമ്പ് മെയ്‍യിലാണ് സാകേതിൽ നിന്ന് ആ ദുരന്ത വാർത്തയെത്തിയത്. മെയ് 30ന് വൈകുന്നേരത്തോടെ സാകേത് മെട്രോ സ്റ്റേഷന് സമീപം സൈദുലാജബ് പ്രദേശത്ത് കോച്ചിങ് സെന്ററുകളും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന ബഹുനില വാണിജ്യ കെട്ടിടം തകർന്നു വീഴുകയായിരുന്നു.
കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ നിർമാണ ജോലികൾ നടന്നു വരികയാണ് അപകടമുണ്ടായത്. തൊട്ടടുത്തുള്ള ഒരു കാന്റീന്റെ മുകളിലേക്ക് കെട്ടിടം പൂർണ്ണമായി തകർന്നു വീഴുകയായിരുന്നു. സിവിൽ സർവീസ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളടക്കം 6 പേർ ഈ ദുരന്തത്തിൽ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുയും ചെയ്തിരുന്നു.
71 പേരുടെ ജീവനെടുത്ത ലളിത പാർക്ക്
കിഴക്കൻ ഡൽഹിയിലെ ലളിത പാർക്ക് പ്രദേശത്ത് 2010 നവംബറിൽ അഞ്ച് നില കെട്ടിടം തകർന്നു വീണ് അപകടമുണ്ടായിരുന്നു. 71 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അനധികൃതമായി കൂടുതൽ നിലകൾ നിർമിച്ചതും ദുർബലമായ അടിത്തറയുമാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്.
ആവർത്തിക്കുന്നു സത്യനികേതനിലും
ഡൽഹിയിൽ ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്ത കെട്ടിട അപകടം സത്യനികേതനിലാണ്. പിജി ഹോസ്റ്റൽ കെട്ടിടം തകർന്ന് ഒരു മരണം സ്ഥിരീകരിച്ചു. 3 പേരുടെ നില ഗുരുതരമായി തുടരുന്നു. 10 പേരെ രക്ഷപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. 50ലേറെ വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. നിരവധി പേരെ കണ്ടെത്താനുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാർഥികളുടെ കൃത്യമായ എണ്ണം ഇതുവരെ ലഭ്യമായിട്ടില്ല.

മാളവ്യ നഗറിൽ എരിഞ്ഞമർന്നവർ
ഡൽഹിയിലെ കെട്ടിട ദുരന്തങ്ങൾ മാത്രമല്ല, തുടർച്ചയായി ഉണ്ടാകുന്ന വൻ തീപിടിത്തങ്ങളും നഗരത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഫാക്ടറികളിലും വാണിജ്യ സമുച്ചയങ്ങളിലും അനധികൃത ഗോഡൗണുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പ്രവർത്തനങ്ങളാണ് ഇത്തരം ദുരന്തങ്ങളിൽ ഭൂരിഭാഗത്തിനും കാരണം.
തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിൽ തീപിടിത്തമുണ്ടായത് ജൂൺ 4നാണ്. അപകടത്തിൽ 23 പേരാണ് ശ്വാസംമുട്ടിയും പൊള്ളലേറ്റും മരിച്ചത്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്നും കൈകുഞ്ഞുമായി എടുത്തു ചാടിയ അമ്മയുടെ ദൃശ്യങ്ങൾ ഇന്നും ലോകമനസാക്ഷിയുടെ മുന്നിലുണ്ട്.

അപകടങ്ങൾക്ക് കാരണങ്ങൾ എന്തെല്ലാം?
നിയമവിരുദ്ധമായ നിർമാണങ്ങൾ
നിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗം
കൃത്യമായ എൻജിനിയറിങ് മേൽനോട്ടത്തിന്റെ കുറവ്
അനധികൃതമായി നിലകൾ കൂട്ടിച്ചേർക്കുന്നത്
ദുരന്തത്തിന് ശേഷമുള്ള വൈകിയുള്ള ഇടപെടലുകൾ
കെട്ടിടങ്ങളുടെ കാലപ്പഴക്കം, ബലക്ഷയം തുടങ്ങിയവ
ആസൂത്രണമില്ല, പരിശോധനകളില്ല
നാഷണൽ ബിൽഡിംഗ് കോഡ് (എൻബിസിഎസ്) നിലവിലുണ്ടെങ്കിലും, കെട്ടിട അനുമതി പ്രക്രിയകൾ പലപ്പോഴും കൃത്യമായ പരിശോധനകളില്ലാതെയാണ് നൽകിവരുന്നത്. പ്രാദേശിക സ്ഥാപനങ്ങളിൽ യോഗ്യരായ സ്ട്രക്ചറൽ എൻജിനീയർമാരുടെ കുറവുണ്ട്.
രാജ്യത്തുടനീളമുള്ള അനധികൃതവും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ സുപ്രീം കോടതി ശക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഡൽഹി സാകേതിലുണ്ടായ കെട്ടിട തകർച്ചയും മാളവ്യ നഗറിലെ ഹോട്ടൽ തീപിടിത്തവും ഗൗരവമായി കണ്ടായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ. എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും തുടർ നടപടികളുണ്ടായിട്ടില്ല. ബിജെപി സർക്കാർ കൃത്യമായ പരിശോധനകൾ നടത്തിയില്ല. ഫലമോ, ഇത്തരം അപകടങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. അത് ഒഴിവാക്കാനുള്ള നടപടികളല്ലേ പ്രധാനം?









0 comments