‘ദിമാഗി നക്സൽ’ പ്രയോഗം: ഒരു പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലജ്ജാകരമായ കാര്യം: സിജെപി

ന്യൂഡൽഹി: കഴിഞ്ഞദിവസം താൻ പ്രയോഗിച്ച ‘ദിമാഗി നക്സൽ’ എന്ന വാക്ക് ഒരു ഹോമിയോപ്പതി ഗുളിക പോലെയാണ് പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (എസ്ആർസിസി) ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. മുൻ സർക്കാരുകളുടെ പ്രതിസന്ധി ഘട്ടങ്ങളിലെ പരാജയങ്ങളെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിനായി വരുംതലമുറ ശക്തമായ ഒരു കാഴ്ചപ്പാട് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും പറഞ്ഞു.ഹോമിയോപ്പതി ചികിത്സ ആരംഭിക്കുമ്പോൾ രോഗം ആദ്യം കൂടുതൽ വഷളാകുന്നത് പോലെ, ഈ പ്രയോഗത്തിന് പിന്നാലെ വിമർശകരുടെ യഥാർത്ഥ ഭാവം ഓരോന്നായി പുറത്തുവരികയാണെന്ന് മോദി പറഞ്ഞു.
എന്നാൽ, അധ്യാപക ദിനത്തിൽ രാജ്യത്തെ മുൻനിര കോളേജുകളിലൊന്നായ എസ്ആർസിസിയിൽ എത്തി ചോദ്യങ്ങൾ ചോദിക്കുന്ന യുവതലമുറയെ "ദിമാഗി നക്സലുകൾ" എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഒരു പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലജ്ജാകരമായ കാര്യങ്ങളിൽ ഒന്നാണ് ഇതെന്നും യുവതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നതിന് പകരം ഇത്തരം വിഡ്ഢിത്തം നിറഞ്ഞ ലേബലുകൾ ചാർത്തി നൽകുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും സി.ജെ.പി കോ-കൺവീനർ സൗരവ് ദാസ് എക്സിൽ കുറിച്ചു. അധികാരികളോട് ചോദ്യങ്ങൾ ചോദിക്കുന്ന യുവാക്കളെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽ, വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്യേണ്ട ഒരു വേദിയിൽ പ്രധാനമന്ത്രി ഇത്തരം അനാവശ്യ കാര്യങ്ങളാണ് സംസാരിച്ചതെന്ന് സിജെപി കോ-കൺവീനർ അശുതോഷ് രങ്കയും വിമർശിച്ചു. കോളേജ് അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ-ശിശുസംരക്ഷണ അവധികൾ നിഷേധിക്കപ്പെട്ടതിനെതിരെ എസ്ആർസിസിയിലെ അധ്യാപകർ നടത്തുന്ന പ്രതിഷേധങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ മോദി തയ്യാറായില്ലെ. "എൻ്റയർ പൊളിറ്റിക്കൽ ഹിസ്റ്ററി"യിൽ ബിരുദമുള്ള ഒരാളിൽനിന്ന് ഇങ്ങനെയൊക്കെയേ പ്രതീക്ഷിക്കാനാകൂ എന്നും അശുതോഷ് പരിഹസിച്ചു.









0 comments