തെളിവെടുപ്പിനെത്തിച്ച പ്രതിയെ പൊലീസ് ക്രൂരമായി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ചു

ഭാവ്നഗർ : ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഗുജറാത്ത് പൊലീസ് ക്രൂരമായി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം.
ഭാവ്നഗർ ബസ് സ്റ്റാൻഡിൽ തെളിവെടുപ്പിനെത്തിച്ച പ്രതിയെയാണ് നടുറോഡിൽ വെച്ച് ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ബസ് സ്റ്റാൻഡിനുള്ളിലും പൊലീസ് വാഹനത്തോട് ചേർത്ത് കയർ കൊണ്ട് കെട്ടി നിർത്തി മർദിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസിന്റെ പ്രതിച്ഛായ തകർന്നുവെന്നും ജനങ്ങൾക്കിടയിൽ പൊലീസിനുള്ള വിശ്വാസമില്ലാതായെന്നും തോന്നിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
ഫൈസൽ ലഖാനിയെയാണ് നീലംബാഗ് പൊലീസ് ക്രൂരമായി മർദിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്നും കൊലപാതകം പൊലീസിന്റെ അഭിമാനത്തെ സാരമായി ബാധിച്ചുവെന്നും നാലംബാഗ് പൊലീസ് സ്റ്റേഷൻ ഇൻസ്പെടക്ർ ഡി പി ഉനദ്കട്ട് മാധ്യമങ്ങളോട് പറഞ്ഞു.
നാൽപ്പതുകാരിയായ കാജൽബെൻ ബരെയയെയാണ് ലിവ്-ഇൻ പങ്കാളിയായ ഇരുപതുകാരൻ ഫൈസൽ ബസ് സ്റ്റാൻഡിൽ വെച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കുറച്ചുവർഷങ്ങളായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ യുവതിക്ക് മറ്റൊരു സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാജൽ സെപ്റ്റംബർ നാലിനാണ് മരിച്ചത്.









0 comments