നടപടിക്ക് പോലും ഭയം; ദുർബലമായി കോൺഗ്രസ്

തിരുവനന്തപുരം: 'കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുക, നീ ആരെടാ എന്ന് ആക്രോശിച്ച് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മുഖത്തടിക്കുക'- പാർടിക്ക് ആകെ നാണക്കേടുണ്ടാക്കിയ കലാപങ്ങൾക്കും കയ്യാങ്കളികൾക്കും ശേഷവും എംഎൽഎ രമ്യ ഹരിദാസിനെതിരെ നടപടിയെടുക്കാൻ പോലും കോൺഗ്രസിന് ഭയം. വിഷയത്തിൽ വെട്ടിലായതോടെ കെപിസിസി മുൻ പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലുള്ള സമിതി, ആരോപണവിധേയനെയും പരാതിക്കാരനെയും പാർടിയിൽ നിന്നും സസ്പെൻഡ് ചെയ്ത് തടിയൂരുകയായിരുന്നു. അതേസമയം, കോൺഗ്രസ് നേതാവിനെ വീട്ടിൽ ചെന്ന് അടിച്ച രമ്യയ്ക്കെതിരെ നടപടിയില്ല.
ഭരണം കിട്ടിയതോടെ അധികാരസ്ഥാനമുറപ്പിക്കാൻ നെട്ടോട്ടമോടുന്ന നേതാക്കൾക്ക് സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് നടപടികളിൽ നിന്ന് പിന്നോട്ട് പോകുന്നത്. ദുർബലമായ കെപിസിസി സംഘടനാ സംവിധാനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ചിറയിൻകീഴിലെ ചേരിപ്പോര്. രാമ്യയ്ക്കെതിരെ എം എം ഹസനും റിജിൽ മാക്കുറ്റിയുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. അണികളും പൊതുജനങ്ങളും ഒരു പോലെ തള്ളി. എന്നിട്ടുപോലും താരതമ്യേനെ ജൂനിയർ ആയ രമ്യ ഹരിദാസിനെതിരെ പോലും നടപടിയെടുക്കാൻ നേതൃത്വം ഭയക്കുകയാണ്.
രമ്യയെ രക്ഷിച്ചെടുക്കാൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ തന്നെയാണ് രംഗത്തെത്തിയത്. കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് പോരിലേക്കാണ് ഇവ നീങ്ങുന്നത്. നേതാക്കളുടെ പിന്തുണയുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാമെന്നും ചോദിക്കാനും പറയാനും ആരും വരില്ലെന്നും വ്യക്തമാക്കുന്നതാണ് നേതൃത്വത്തിന്റെ പുതിയ തീരുമാനം. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിൽ മുറുമുറുപ്പുകൾ വന്നു തുടങ്ങി.









0 comments