ad
Deshabhimani

കുവൈത്ത് എയർവേയ്‌സും ജസീറയും സർവീസ്‌ പുനഃരാരംഭിച്ചു; കുവൈത്ത് വ്യോമപാത സാധാരണ നിലയിലേക്ക്

Kuwait Airways
വെബ് ഡെസ്ക്

Published on Jun 12, 2026, 04:27 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യോമഗതാഗതം പൂർണമായും സാധാരണ നിലയിലായെന്ന്‌ അധികൃതർ. മുൻകരുതൽ നടപടികളുടെ ഭാഗമായി താൽക്കാലികമായി അടച്ച കുവൈത്ത് വ്യോമപാത വ്യാഴം വൈകിട്ടോടെ വീണ്ടും തുറന്നു. കുവൈത്ത് എയർവേയ്‌സും ജസീറ എയർവേയ്‌സും സർവീസുകൾ പുനഃരാരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. വ്യോമാതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാനായി ബന്ധപ്പെട്ട ആഭ്യന്തര, വിദേശ ഏജൻസികളുമായി ഏകോപിപ്പിച്ച്‌ സ്ഥിതിഗതി 24 മണിക്കൂറും നിരീക്ഷിക്കുകയാണെന്നും അതോറിറ്റി അറിയിച്ചു.


വിമാന സർവീസുകൾ പുനഃക്രമീകരിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന്‌ കുവൈത്ത് എയർവേയ്‌സ് വ്യക്തമാക്കി. യാത്രാ തടസ്സപ്പെട്ടവർക്ക് ആവശ്യമായ സഹായവും സൗകര്യങ്ങളും ഒരുക്കിവരുന്നതായും കമ്പനി അറിയിച്ചു. രാജ്യത്തെ വ്യോമപാത വീണ്ടും തുറന്നതിനെ തുടർന്ന് ബന്ധപ്പെട്ട അധികൃതരുടെ നിർദേശപ്രകാരം സർവീസുകൾ പുനരാരംഭിച്ചതായി ജസീറ എയർവേയ്‌സും അറിയിച്ചു. നിയന്ത്രണകാലത്ത് ബാധിക്കപ്പെട്ട വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കുന്ന പ്രവർത്തനം തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി. പുതിയ യാത്രാവിവരങ്ങൾ നേരിട്ട് അറിയിക്കും. വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും ജസീറ എയർവേയ്‌സ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജസീറ എയർവേയ്‌സിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, കസ്റ്റമർ സർവീസ് എന്നിവ ഉപയോഗിക്കാമെന്നും അറിയിച്ചു.


കരുതൽ നടപടിയുടെ ഭാഗമായി വ്യാഴം പുലർച്ചെ 4.50 മുതൽ അടച്ച കുവൈത്ത് വ്യോമപാത സുരക്ഷാ സാഹചര്യം അനുകൂലമായതിനെ തുടർന്നാണ്‌ തുറന്നത്‌. പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കാനായാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home