ജില്ലാ പഞ്ചായത്ത് ഭരണപ്രതിസന്ധി
സ്ഥിരംസമിതി വീണ്ടും ചേരും

പത്തനംതിട്ട
ജില്ലാ പഞ്ചായത്തിൽ ചട്ടവിരുദ്ധമായി ചേർന്ന ആരോഗ്യ– വിദ്യാഭ്യാസ സ്ഥിരംസമിതി യോഗങ്ങൾ അസാധുവാക്കാനുള്ള നീക്കം നടക്കുന്നതിനിടെ തിങ്കളാഴ്‌ച വീണ്ടും സ്ഥിരംസമിതി വിളിച്ചു. ഭരണകക്ഷിയിലെ അംഗങ്ങൾ തമ്മിലുള്ള തുറന്ന പോരിന് തുടക്കമിട്ട സാഹചര്യത്തിലാണ് വീണ്ടും യോഗം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പങ്കെടുക്കാതിരിക്കാൻ ആരോഗ്യ– വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ രാത്രിയിൽ ഓൺലൈൻ യോഗങ്ങൾ ചേർന്നതാണ് വിവാദമായത്.
ഓൺലൈൻ യോഗങ്ങൾ ചട്ടവിരുദ്ധമാണെന്നും യോഗത്തിൽ എടുത്തതായി പറയുന്ന തീരുമാനങ്ങൾക്ക് അംഗീകാരം ലഭിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്‌ച ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഇൗ വിഷയം അജൻഡയായി ഉൾപ്പെടുത്തി. ചേർന്നതായി പറയുന്ന ഓൺലൈൻ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചില്ല. മിനിട്‌സും തീരുമാനവും രേഖകളും ഒന്നുമില്ലാത്തതിനാൽ ചട്ടവിരുദ്ധമാണെന്നും തള്ളിക്കളയണമെന്നും അജൻഡയിൽ ഉണ്ടായിരുന്നു. എന്നാൽ, ഡിസിസിയുടെ നിർദേശ പ്രകാരം പ്രസിഡന്റ് ഒഴികെ യുഡിഎഫ് അംഗങ്ങളെല്ലാം യോഗം ബഹിഷ്‌കരിച്ചു. ഇതിനാൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, സ്‌കൂളുകളുടെ അറ്റകുറ്റപ്പണി, അധ്യാപക നിയമനങ്ങളുടെ അഭിമുഖം ഉൾപ്പെടെ പ്രധാന അജൻഡകളാണ് തീർപ്പാക്കാതെ തടസപ്പെട്ടത്.
ഭരണകക്ഷിയംഗങ്ങൾ തമ്മിലുള്ള ചക്കളത്തിപോരാട്ടം നിലനിൽക്കെയാണ് തിങ്കളാഴ്‌ച പകൽ രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് സ്ഥിരംസമിതി യോഗങ്ങൾ വീണ്ടും വിളിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന യോഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന അജൻഡകളാണ് തിങ്കളാഴ്‌ചത്തെ യോഗത്തിലുമുള്ളത്. പഞ്ചായത്ത് യോഗങ്ങളുടെ അജൻഡയും യോഗങ്ങളുടെ മിനിട്‌സും തീരുമാനങ്ങളുമെല്ലാം അതത് സമയങ്ങളിൽ കെ–സ്‌മാർട്ട് സൈറ്റിൽ അപലോഡ് ചെയ്യുന്നതാണ്. ഇത് മൂലമാണ് വീണ്ടും സ്ഥിരംസമിതി യോഗം ചേരാൻ നിർബന്ധിതമായത്.









0 comments