print edition നിപാ പ്രതിരോധം പാളുന്നു, സർക്കാർ നിഷ്ക്രിയം: സിപിഐ എം

തിരുവനന്തപുരം: നിപാ പ്രതിരോധപ്രവർത്തനങ്ങളിൽ സംസ്ഥാനസർക്കാർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ്.
രോഗപ്രതിരോധ പ്രവർത്തനങ്ങളിലും ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും സർക്കാരിന് സിപിഐ എമ്മിന്റെ പൂർണ പിന്തുണയുണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. നിപാ സ്ഥിരീകരിച്ചത് ആരോഗ്യമന്ത്രി അറിഞ്ഞില്ലെന്നതും രോഗിക്ക് മരുന്നെത്തിയില്ലെന്നതും ഞെട്ടിക്കുന്നു. മന്ത്രിയും ജില്ലാ ഭരണകൂടവും തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ് വ്യക്തമാകുന്നത്.
കോഴിക്കോടുണ്ടായിരുന്ന മന്ത്രി നിപാബാധ അറിഞ്ഞിട്ടും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാതെ മടങ്ങിയത് നിസ്സംഗസമീപനത്തിന്റെ തെളിവാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ അശാസ്‌ത്രീയ അബദ്ധധാരണ വിളിച്ചുപറഞ്ഞ് രോഗങ്ങളെ ലഘൂകരിച്ചവരാണ് ഇപ്പോൾ പകച്ചുനിൽക്കുന്നത്. ആരോഗ്യമന്ത്രി ഉടൻ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കണം.
സമ്പർക്ക പട്ടികയും കണ്ടെയ്‌ൻമെന്റ് സോണും നിശ്ചയിക്കലടക്കമുള്ള പ്രാഥമിക നടപടി പോലുമായിട്ടില്ല. ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും ഇടപെടലില്ല. സ്ഥലം എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാനോ വിവരങ്ങൾ കൈമാറാനോ തയ്യാറാകുന്നില്ല. പ്രതിസന്ധിസമയത്ത് ആരോഗ്യവകുപ്പ് ഡയറക്‌ടറെ സ്ഥലംമാറ്റി പകപോക്കുന്നു.
ഉയർന്ന മരണനിരക്കുള്ള നിപാ രോഗത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സുശക്തമായി പ്രതിരോധിച്ച് ലോകശ്രദ്ധ നേടി. സിസ്റ്റർ ലിനിയെപ്പോലെയുള്ള ആരോഗ്യപ്രവർത്തകർ ജീവൻപോലും തൃണവൽഗണിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് മഹാമാതൃക സൃഷ്‌ടിച്ചത്. യുഡിഎഫ് പ്രതിപക്ഷത്തുള്ളപ്പോൾ നടത്തിയതുപോലെ വിഷയത്തെ രാഷ്‌ട്രീയ ആയുധമാക്കാൻ സിപിഐ എം ആഗ്രഹിക്കുന്നില്ല. സർക്കാരിന്റെ നിഷ്‌ക്രിയത്വം അപകടം വിളിച്ചുവരുത്തുമെന്ന ഘട്ടത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.മഴക്കാലപൂർവ ശുചീകരണം പാടേ പാളി. വകുപ്പുകൾ പരസ്‌പരം പഴിചാരി ജനങ്ങളെ വെല്ലുവിളിക്കാതെ, ശാസ്‌ത്രീയവും വിപുലവുമായ ഇടപെടലിലൂടെ പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇനിയെങ്കിലും മുന്നോട്ടുവരണമെന്നും സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.









0 comments