print edition ‘ആരോഗ്യം’ അതീവഗുരുതരം; എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കൻപോക്‌സ്, മസ്‌തിഷ്‌കജ്വരം പടരുന്നു

പ്രതീകാത്മക ചിത്രം
സ്വന്തം ലേഖിക
Published on Jun 14, 2026, 02:37 AM | 1 min read
തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനം പാളിയതോടെ, പകർച്ചവ്യാധി നിയന്ത്രിക്കാനാകാതെ വ്യാപിക്കുന്നു. നിപാ, ഷിഗല്ല കൂടാതെ എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കൻപോക്‌സ്, മസ്‌തിഷ്‌കജ്വരം പനി, എന്നിവയും വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച സംസ്ഥാനത്ത് രണ്ടു കുട്ടികളുൾപ്പെടെ മൂന്നുപേർക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചു.
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊഴിക്കര സ്വദേശി 17 വയസ്സുകാരി, മലപ്പുറം മുനിസിപ്പാലിറ്റിയിൽ 26 വയസ്സുകാരൻ, തൃശൂർ കോർപ്പറേഷൻ പരിധിയിലെ 14 വയസ്സുള്ള കുട്ടി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വടക്കാഞ്ചേരിയിൽ ഏഴും നാലും വയസ്സുള്ള സഹോദരങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ഷിഗല്ലയ്‌ക്ക് ചികിത്സയിലുള്ളവരുടെ എണ്ണം 59 ആയി. രണ്ടുപേർ ഇതിനകം മരിച്ചു. ബത്തേരി കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ പകുതിയിലധികം കുട്ടികൾക്കും ഷിഗല്ല ബാധയുണ്ട്. 538 പേർക്ക് രോഗലക്ഷണമുണ്ട്. 16 വിദ്യാർഥികളുടെ സാമ്പിൾ പരിശോധിച്ചപ്പോൾ എല്ലാവരും പോസിറ്റീവ്.
ഇത്രയധികം പേർ രോഗബാധിതരായിട്ടും റാൻഡം പരിശോധനമാത്രമാണുള്ളത്. കൂടുതൽ സാമ്പിൾ പരിശോധനയ്‌ക്ക് അയക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ശനിയാഴ്‌ച 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, ഡെങ്കി ബാധിച്ച് പാലക്കാട് കരിമ്പുഴ സ്വദേശി മറിയ(62) മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ 59കാരിയുടെ മരണം അമീബിക് മസ്‌തിഷ്‌ക ജ്വരംമൂലമെന്നും സ്ഥിരീകരിച്ചു.
സംസ്ഥാനത്താകെ 11,534 പേരാണ് പനി ബാധിച്ച് ശനിയാഴ്‌ച ചികിത്സതേടിയത്. ഇതിൽ കൂടുതൽ മലപ്പുറത്ത്, 2,470. അതിൽ 85 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. 208 പേർക്ക് ലക്ഷണങ്ങളുണ്ട്. സംസ്ഥാനത്താകെ 758 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 24 മണിക്കൂറിനുള്ളിൽ എട്ടുപേർക്ക് എലിപ്പനിയും 24 പേർക്ക് മഞ്ഞപ്പിത്തവും 86 പേർക്ക് ചിക്കൻപോക്‌സും സ്ഥിരീകരിച്ചു. 2,917 പേരാണ് വയറിളക്കം ബാധിച്ച് ചികിത്സ തേടിയത്.










0 comments