ad
Deshabhimani

‘ബീച്ച്‌ സ്‌റ്റുവാർഡ്‌സ്‌’ പറഞ്ഞുകൊണ്ടേയിരിക്കുന്നു

നമ്മൾ വലിച്ചെറിയാതിരിക്കൂ;
ലോകം മാറും

ബീച്ച്‌ സ്‌റ്റുവാർഡ്‌സ്‌ പയ്യാന്പലം ബീച്ചിൽ

ബീച്ച്‌ സ്‌റ്റുവാർഡ്‌സ്‌ പയ്യാന്പലം ബീച്ചിൽ

avatar
സ്വന്തം ലേഖകൻ

Published on Jun 14, 2026, 02:35 AM | 1 min read

കണ്ണൂർ

നമ്മളോരോരുത്തരും മാറാതെ ഇ‍ൗ ലോകം മാറാൻ പോകുന്നില്ല എന്നാണ്‌ പയ്യാന്പലത്തെ ‘ബീച്ച്‌ സ്‌റ്റുവാർഡ്‌സ്‌’ നമ്മോട്‌ പറയാൻ ശ്രമിക്കുന്നത്‌. ലോകം മാറാൻ മറ്റൊരു കുറുക്കുവഴിയും ഇല്ലെന്ന്‌ ഇ‍ൗ ചെറുപ്പക്കാർ പയ്യാന്പലം ബീച്ചിലെത്തുന്നവരോട്‌ സ‍ൗമ്യമായി ഓർമപ്പെടുത്തുന്നു. മാലിന്യം വലിച്ചെറിയാതെ സുന്ദരമായ കടൽത്തീരം എന്ന സ്വപ്‌നങ്ങൾക്കായാണ്‌ ഇവരുടെ സായാഹ്‌നങ്ങൾ. ‘മിഷൻ പയ്യാന്പലം ബീച്ച്‌’ എന്ന ഇൻസ്‌റ്റഗ്രാം പേജിലെ കുഞ്ഞുവീഡിയോകളിലൂടെ പൊതുസമൂഹത്തോടും സഞ്ചാരികളോടും നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുകയാണിവർ. ഐടി മേഖലയിൽ ജോലിചെയ്യുന്ന മൂന്നാംപീടിക സ്വദേശിനി നമിത സന്തോഷ്‌, അലവിലെ ജോഷിൻ സൂരജ്‌, ബർണശേരിയിലെ സ‍ൗമ്യ റൂത്ത്‌ എന്നിവരാണ്‌ ബീച്ച്‌ സ്‌റ്റുവാർഡിന്റെ സാരഥികൾ. ആയിരക്കണക്കിന്‌ സഞ്ചാരികൾ ദിനംപ്രതി എത്തുന്ന പയ്യാന്പലം കടൽത്തീരം ശുചിത്വത്തോടെ പരിപാലിക്കാനും കൂടുതൽ സുന്ദരമാക്കാനുമുള്ള ബോധവൽക്കരണമാണ്‌ ഇവരുടെ മുഖ്യദ‍ൗത്യം. ചെറിയ സംഘത്തിൽനിന്ന്‌ വലിയ കൂട്ടായ്‌മയിലേക്കുള്ള നടപ്പിലാണ്‌ ഇവർ. കുട്ടിക്കാലം മുതൽ പയ്യാന്പലം ബീച്ചിലെത്തുന്നവരാണ്‌ നമിതയും ജോഷിലും സ‍ൗമ്യയും. ബീച്ചിലെത്തുന്നവർ മാലിന്യം വലിച്ചെറിയുന്നത്‌ കണ്ട്‌ മനംമടുത്താണ്‌ നമിത ഇ‍ൗ ആശയം കൂട്ടുകാരോട്‌ പങ്കുവച്ചത്‌. ബീച്ചിലെത്തുന്നവരോട്‌ പയ്യാന്പലം സുന്ദരമായി സൂക്ഷിക്കാൻ നമുക്ക്‌ എന്ത്‌ചെയ്യാൻ പറ്റുമെന്ന ചോദ്യം ഉന്നയിക്കുകയും അവരുടെ നിർദേശങ്ങൾ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കുകയും ചെയ്യും. ഇ‍ൗ വീഡിയോകൾ ആയിരക്കണക്കിനാളുകളിലേക്ക്‌ എത്തുന്നുണ്ട്‌. ബീച്ചിൽ ഇവർ ഒത്തുചേരുന്ന വൈകുന്നേരങ്ങളിൽ ബീച്ചിലെ മാലിന്യം തരംതിരിച്ച്‌ ശേഖരിക്കുന്നതിനൊപ്പം തന്നെ ബോധവൽക്കരണവുമുണ്ട്‌. എല്ലാ മാസവും പൊതുസമൂഹത്തെയും ബീച്ചിലെ സന്ദർശകരെയും പങ്കാളിയാക്കി ശുചീകരണദ‍ൗത്യവും ഏറ്റെടുക്കുന്നു. പയ്യാന്പലം ബീച്ച്‌ കൂടുതൽ വൃത്തിയായി സൂക്ഷിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ നിവേദനം കഴിഞ്ഞ ദിവസമാണ്‌ കോർപറേഷന്‌ കൈമാറിയത്‌. ‘‘ശുചീകരണദ‍ൗത്യത്തിലൂ‍ടെ മാത്രം മാലിന്യപ്രശ്‌നം പരിഹരിക്കാമെന്നത്‌ മണ്ടത്തരമാണ്‌. ആളുകളുടെ മനോഭാവം മാറുകയാണ്‌ പ്രധാനം. വ്യക്തിശുചിത്വം പോലെ പ്രധാനപ്പെട്ടതാണ്‌ സമൂഹശുചിത്വവും എന്ന്‌ നമ്മളെല്ലാവരും തിരിച്ചറിയണം. ഇ‍ൗ സന്ദേശം പറ്റാവുന്നത്ര മനുഷ്യരിലേക്ക്‌ എത്തിക്കാനാണ്‌ ഞങ്ങളുടെ ശ്രമം’’– സ‍ൗമ്യ റൂത്ത്‌ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home