print edition പാരിയത്തുകാവ് ഭൂമിപ്രശ്‌നത്തിന് പരിഹാരം; കുടുംബങ്ങൾക്ക് ഉന്നതിയിൽത്തന്നെ സ്ഥലവും വീടും നൽകും


സ്വന്തം ലേഖകൻ
Published on Jun 14, 2026, 03:28 AM | 1 min read
കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ അഞ്ചുസെന്റ് സ്ഥലവും റോഡ് സൗകര്യവും ഉറപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ. ഇതിന് കരാർ ഉണ്ടാക്കും. ഇവർക്ക് സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ അവിടെ വീട് വച്ചുനൽകും. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ച് മാറ്റാൻ അനുവാദം നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ഉന്നതിയിലെ കുടുംബാംഗങ്ങളും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
വീടുനിർമാണം പൂർത്തിയാകുന്നതുവരെ ഉന്നതിയിൽ നിലവിലെ വീടുകളിൽത്തന്നെ താമസിക്കാം. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായെടുത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. രണ്ടുദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും കരാറിൽ ഒപ്പിടും. കരാർ അഡ്വക്കറ്റ് ജനറൽ മുഖേന 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വാഗതം ചെയ്‌ത് സമരസമിതി
ചർച്ചയിലെ തീരുമാനങ്ങളെ സമരസമിതി സ്വാഗതം ചെയ്‌തു. പാരിയത്തുകാവിലെ പാവപ്പെട്ട മനുഷ്യർക്ക് അവിടെത്തെന്നെ താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നതായിരുന്നു സമരസമിതിയുടെ ആവശ്യം. കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ ഉന്നതിയിലെ കുടുംബാംഗങ്ങളോടൊപ്പം സമരസമിതി ഉറച്ചുനിന്നു.
വാദിഭാഗംതന്നെ പാരിയത്തുകാവിൽ ഈ മനുഷ്യർക്ക് ജീവിക്കുന്നതിന് സംവിധാനം ഒരുക്കാമെന്ന് പറഞ്ഞതിനോട് സമരസമിതി സഹകരിക്കും.
സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ പതിനഞ്ചിലധികം കേസുകൾ പിൻവലിക്കാമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.










0 comments