ad
Deshabhimani

print edition കോൺഗ്രസ്‌ അന്വേഷിക്കണമെന്ന്‌ ആവശ്യം; മീനാക്ഷിയെ ചതിച്ചത്‌ രേവന്ത്‌ റെഡ്ഡി?

MEENAKSHI REVENATH.
avatar
സ്വന്തം ലേഖകൻ

Published on Jun 14, 2026, 02:42 AM | 1 min read

ന്യൂഡൽഹി: മധ്യപ്രദേശ്‌ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മീനാക്ഷി നടരാജന്റെ നാമനിർദേശപത്രിക തള്ളിയതിനുപിന്നിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണെന്ന ആക്ഷേപം മുറുകുന്നു. കോൺഗ്രസിൽ തെലങ്കാനയുടെ ചുമതലയുള്ള പ്രവർത്തകസമിതിയംഗമായ മീനാക്ഷി നടരാജൻ രേവന്ത്‌ റെഡ്ഡി നടപ്പാക്കാൻ ശ്രമിച്ച പല പദ്ധതികളെയും ചോദ്യംചെയ്തിരുന്നു.


ഹൈദരാബാദിലെ മൂസി നദീതീര വികസന പദ്ധതി, ഹൈദരാബാദ്‌ സർവകലാശാലയോട്‌ ചേർന്നുള്ള 400 ഏക്കർ വനഭൂമി വെട്ടിനിരത്തൽ തുടങ്ങിയ പദ്ധതികളെയും ഖമ്മം ജില്ലയിലെ ബുൾഡോസർരാജിനെയും എതിർത്തു. ഇതിനെല്ലാംപിന്നാലെയാണ്‌ മീനാക്ഷിക്കെതിരായ തെലങ്കാനയിലെ കേസ്‌ വിവരങ്ങൾ രേവന്ത്‌ റെഡ്ഡി വിഭാഗം മധ്യപ്രദേശ്‌ ബിജെപി ഘടകത്തിന്‌ കൈമാറിയത്‌.


മീനാക്ഷിക്കെതിരായ കേസ്‌ വിവരങ്ങൾ ബിജെപിക്ക്‌ ചോർത്തിയത്‌ തെലങ്കാനയിലെ കോൺഗ്രസ്‌ നേതാക്കളാണെന്ന്‌ ബിആർഎസ്‌ നേതാവ്‌ കെ ടി രാമറാവു തുറന്നടിച്ചു. കോൺഗ്രസ്‌ നേതൃത്വം ഇതേക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും റാവു ആവശ്യപ്പെട്ടു.


ടിപിസിസി മുൻ പ്രസിഡന്റ്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ കാട്ടി കോൺഗ്രസിലെ ഒരു വനിതാ നേതാവ്‌ ഹൈദരാബാദ്‌ നാന്പള്ളി ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിയിൽ നൽകിയ പരാതിയിലാണ്‌ മീനാക്ഷിയുടെ പേരും ഉൾപ്പെട്ടത്‌. കുറ്റക്കാരനായ നേതാവിനെതിരെ നടപടിക്ക്‌ തയ്യാറാകാതെ സംരക്ഷിച്ചുവെന്നാണ്‌ ആക്ഷേപം. ഇ‍ൗ കേസ്‌ വിവരം സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന ബിജെപിയുടെ പരാതിയെ തുടർന്നാണ്‌ പത്രിക തള്ളിയത്‌. മീനാക്ഷി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദേശം.


ഇതിനിടെ ഹൈദരാബാദിലെ കേസിൽ ചില എംഎൽഎമാർ കൂടി ഉൾപ്പെട്ടതിനാൽ തന്റെ നിയമപരിധിക്ക്‌ പുറത്താണെന്ന്‌ കാട്ടി കോടതി സ്‌ത്രീയുടെ പരാതി മടക്കുകയുംചെയ്തു. നിലവിൽ മീനാക്ഷിക്കെതിരെ കേസില്ല. എന്നാൽ പത്രിക തള്ളുകയും മൂന്ന്‌ ബിജെപി സ്ഥാനാർഥികളെ എതിരില്ലാതെ ജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ഇനി തെരഞ്ഞെടുപ്പ്‌ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ്‌ വഴി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home