ad
Deshabhimani

നാട്ടുചന്തകൾ മറയുന്നു

വിസ്‌മൃതിയിലേക്ക് രാമപുരം ചന്തയും

Photo

മത്സ്യവ്യാപാരം മാത്രം അവശേഷിക്കുന്ന രാമപുരം ചന്ത

avatar
ഷാഹീർ പ്രണവം

Published on Jun 14, 2026, 12:05 AM | 2 min read

കോന്നി

എയർ കണ്ടീഷൻ ചെയ്‌ത മുറിക്കുള്ളിൽ ഉപ്പുതൊട്ട്‌ കർപ്പൂരം വരെ കിട്ടുന്ന "ഓഫർ' കാലം വന്നതോടെ മങ്ങലേറ്റവയിൽ നാട്ടുചന്തകളും പെടും. ചന്തദിവസങ്ങളിൽ കൂട്ടമായി സാധനങ്ങൾ വാങ്ങാൻ പോയി ചിരിച്ചും സൊറ പറഞ്ഞും മടങ്ങിവന്നിരുന്ന കാലം എന്നേ പോയ്‌മറഞ്ഞു. ചന്തയ്‌ക്കുപോക്ക്‌ എന്ന പതിവ്‌ മുടങ്ങിയതോടെ പ്രതാപം മങ്ങിപ്പോയ ചന്തകളുടെ പട്ടികയിലേക്ക്‌ കോന്നി- താഴം പയ്യനാമണ്ണിലെ രാമപുരം ചന്തയും. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇ‍ൗ ചന്ത മലയോരമേഖലയിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ കൈമാറ്റം ചെയ്യുന്ന ജില്ലയിലെ പ്രധാന വിപണിയായിരുന്നു. വാഴക്കുല, കപ്പ, നാളികേരം തുടങ്ങി എല്ലാ കാർഷിക വിളകളും എത്തുന്ന ചന്തയിലേക്ക് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വ്യാപാരികൾ വന്ന് സാധനങ്ങൾ വാങ്ങി കൊണ്ടുപോയി അവരുടെ സ്ഥലങ്ങളിൽ കച്ചവടം നടത്തിയിരുന്നു. ​പയ്യനാമൺ, ചെങ്ങറ, എലിമുള്ളുംപ്ലാക്കൽ, തണ്ണിത്തോട്, മണ്ണീറ, തേക്കുതോട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ സ്ഥല ങ്ങളിൽനിന്നും കർഷകർ കാർഷിക വിളകുകൾ തലച്ചുമടായും കാളവണ്ടികളിലും രാമപുരം ചന്തയിൽ എത്തിച്ചിരുന്നു. ​കറൻസിരഹിത വിനിമയത്തിന്റെ കാലത്ത്‌ കാർഷിക ഉൽപ്പന്നങ്ങൾ ആവശ്യാനുസരണം പകരമായി നൽകി ആവശ്യമുള്ള മറ്റുൽപ്പന്നങ്ങൾ വാങ്ങി വലിയ കൂട്ടായ്മ കർഷകർ തീർത്തു. ചന്തദിവസങ്ങൾ കർഷക കുടുംബങ്ങളുടെ ഒത്തുചേരലിനും പരസ്‌പര ബന്ധങ്ങൾ പുതുക്കാനും വഴിതെളിച്ചു. ഇങ്ങനെ കർഷക കുടുംബങ്ങൾ നാലും അഞ്ചും തലമുറകൾ വരെ ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു. ​ഗതാഗത, വാഹന സൗകര്യങ്ങൾ വർധിച്ചതോടെ കോന്നി നാരായണപുരം ചന്തയടക്കം സമീപ പ്രദേശങ്ങളിൽ ആരംഭിച്ചതോടെ രാമപുരം ചന്തയുടെ പ്രതാപം മങ്ങി. ഒടുവിൽ പച്ചക്കറി വ്യാപാരികളും മൽസ്യ വ്യാപാരികളുമായി ചന്ത ഒതുങ്ങി. വാഹനസൗകര്യം ലഭ്യമായതോടെ പയ്യനാമണ്ണിലുള്ളവർ പോലും കോന്നിയിലെത്തി മറ്റ് ആവശ്യങ്ങൾ സാധിച്ച ശേഷം നാരായണപുരം ചന്തയിൽനിന്നും സാധനങ്ങൾ വാങ്ങിപ്പോകുന്ന സ്ഥിതിയായി. വാഴക്കുല വിപണി നാരായണപുരം ചന്ത കൈയടക്കി.

​തട്ടാരേത്ത് കുടുംബത്തിന്റെ സ്ഥലത്താണ് രാമപുരം ചന്ത. പയ്യനാമൺ ജങ്ഷനിൽ തലയെടുപ്പോടെ നിന്ന കൂറ്റൻ മാവായിരുന്നു ചന്തയുടെ പ്രൗഢി. മാവ് നശിച്ചതോടെ തൊട്ടരികിൽ വളർന്നു വന്ന ആൽമരം ചന്തയ്ക്ക് തണലായി. അടുത്ത കാലത്ത് ഇതും മുറിച്ചു. ചന്തയുടെ പ്രതാപം അസ്തമിച്ചെങ്കിലും ആൽമരം തലയുയർത്തി നിൽക്കുന്നുണ്ട് ഇന്നും.

​തറവാടകയ്ക്ക് ഷെഡ് നിർമിച്ച് രണ്ട് മൽസ്യവ്യാപാരികൾ മാത്രമാണ് ഇവിടെ ഇപ്പോൾ കച്ചവടം നടത്തുന്നത്. പുലർച്ചെ നാലുമുതൽ ആറുവരെയാണ് ഇവരുടെ കച്ചവടം. വിപണിവിലയെക്കാൾ കുറച്ച് മത്സ്യം നൽകുന്നതുമൂലം ഈ സമയത്ത്‌ നിരവധിയാളുകൾ ഇ വിടെയെത്തി പോകുന്നു. ചന്തയുടെ പ്രധാന ഭാഗങ്ങളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടു. കുറെ ഭാഗത്ത് ഉടമസ്ഥർ വാഴ കൃഷിയും നടത്തുന്നുണ്ട്. കോന്നി സർക്കാർ മെഡിക്കൽ കോളേജ് റോഡിനോട് ചേർന്നാണ് ചന്ത.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home