ജാഗ്രത വേണമെന്ന് പൊലീസ്
ഇ–ചെല്ലാൻ തട്ടിപ്പ് വീണ്ടും വ്യാപകം


സ്വന്തം ലേഖകൻ
Published on Jun 14, 2026, 01:32 AM | 1 min read
കൊച്ചി
വർധിക്കുന്ന ട്രാഫിക് കുരുക്കുകളും തുടരുന്ന മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് വാഹന ഉടമകളെ ചെയ്യാത്ത നിയമലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–-ചെല്ലാൻ തട്ടിപ്പ് വീണ്ടും.
വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകിയുള്ള സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്. ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റിനോട് സാദൃശ്യമുള്ള പേയ്‌മെന്റ് പോർട്ടലിലേക്ക് സ്വീകർത്താക്കളെ നയിച്ചാണ് പണം തട്ടുന്നത്. തിരക്കേറിയ റോഡുകളിലൂടെ പോകുമ്പോൾ അറിയാതെ ഗതാഗതനിയമം ലംഘിച്ചിട്ടുണ്ടാകാമെന്ന് ഭയപ്പെട്ടാണ് പലരും ‘പിഴ’യടയ്‌ക്കുന്നത്. 500 രൂപമുതലാണ് പിഴത്തുക ആരംഭിക്കുക. ചെറിയ തുകയായതിനാൽ പല ഇരകളും പരാതി നൽകാൻ തയ്യാറാകുന്നില്ല.
ഉടൻതന്നെ പിഴയടച്ചില്ലെങ്കിൽ കൂടുതൽ പിഴ ഈടാക്കുമെന്നോ വാഹനരേഖകൾ റദ്ദാക്കുമെന്നോ അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നോ മുന്നറിയിപ്പ് നൽകിയാണ് സന്ദേശങ്ങൾ എസ്‌എംഎസായോ വാട്‌സാപ്പിലോ വരുന്നത്. അനാവശ്യ സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകൾവഴി പിഴയൊടുക്കരുതെന്ന് പൊലീസ് പറയുന്നു. ഔദ്യോഗിക സർക്കാർ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമലംഘനം സ്ഥിരീകരിക്കുന്നതിനുമുന്പാണ് പലരും പിഴയടയ്‌ക്കുന്നത്.
പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്‌ത വാഹനങ്ങളിൽനിന്നോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ചിത്രങ്ങളിൽനിന്നോ മറ്റ് അനധികൃത മാർഗങ്ങളിലൂടെയോ ആണ് തട്ടിപ്പുകാർ വാഹന രജിസ്ട്രേഷൻ നമ്പറുകൾ ശേഖരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ലഭിക്കുന്ന സന്ദേശം ഔദ്യോഗിക പരിവാഹൻ പോർട്ടൽ അല്ലാത്ത മറ്റേതെങ്കിലും വെബ്‌സൈറ്റിലേക്ക് നയിക്കുകയാണെങ്കിൽ അവഗണിക്കണം. ഗതാഗത നിയമലംഘന നോട്ടീസുകളിൽ പണമടയ്ക്കുന്നതിനുമുമ്പ് പരിവാഹൻ പോർട്ടലിൽ പരിശോധിച്ച് ഉറപ്പാക്കണമെന്നും പൊലീസ് പറയുന്നു.










0 comments