വിമതപക്ഷത്ത് 20 എംപിമാർ; സുദീപും മമതയെ കൈവിട്ടു


സ്വന്തം ലേഖകൻ
Published on Jun 14, 2026, 02:50 AM | 1 min read
ന്യൂഡൽഹി: മമതാ ബാനർജിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന സുധീപ് ബന്ദോപാധ്യായ കൂടി വിമതപക്ഷത്തേക്ക് മാറിയതോടെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലായി. വിമതപക്ഷത്തുള്ള ശതാബ്‌ദി റോയ് എംപിയ്ക്കൊപ്പം സുദീപ് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിനെ കണ്ടു. ഞായറാഴ്ച വിമത എംപിമാർ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ കാണാനും വിമത എംപിമാർ സമയം ചോദിച്ചിട്ടുണ്ട്.
വിമതപക്ഷത്ത് നിലവിൽ 20 ലോക്‌സഭാംഗങ്ങളായി. ആകെ 29 അംഗങ്ങളാണ് ലോക്‌സഭയിൽ തൃണമൂലിനുള്ളത്. 13 രാജ്യസഭാംഗങ്ങളിൽ മൂന്നുപേർ നേരത്തെ രാജിവച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുവരെ മമതയുടെ ഏറ്റവും വിശ്വസ്‌തനായി നിലകൊണ്ട നേതാവാണ് സുദീപ് ബന്ദോപാധ്യായ.
ലോക്‌സഭയിൽ എൻഡിഎയ്‌ക്കൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനായി സ്‌പീക്കർക്ക് കൈമാറിയ കത്തിൽ ഒപ്പുവച്ച 19 എംപിമാരിൽ സുദീപ് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഒരു പ്രമുഖൻകൂടി തങ്ങൾക്കൊപ്പം ചേരുമെന്ന് ശതാബ്‌ദി റോയ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലോക്‌സഭാ എംപിമാരിൽ മൂന്നിൽ രണ്ടുപേർ തങ്ങൾക്കൊപ്പമാണെന്നും കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നുമാണ് വിമതപക്ഷം അവകാശപ്പെടുന്നത്.
അതേസമയം, കഴിഞ്ഞദിവസം അഭിഷേക് ബാനർജിയോട് ഇടഞ്ഞ കല്യാൺ ബാനർജി നിലപാട് മയപ്പെടുത്തി. താൻ വേണോ അഭിഷേക് വേണോയെന്ന് മമത തീരുമാനിക്കണമെന്നും അഭിഷേകാണ് തൃണമൂലിനെ തകർത്തതെന്നും കല്യാൺ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസുമായുള്ള ലയനനീക്കങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കല്യാൺ ബാനർജി പറഞ്ഞു. രാജ്യസഭാംഗം ഡെറിക്ക് ഒബ്രിയനും ലയനനീക്ക വാർത്തകൾ തള്ളി.










0 comments