കുവൈത്ത് വിമാനത്താവളം ടെർമിനൽ 2 നിർമാണം; അന്തിമഘട്ടത്തിന് കരാർ ഒപ്പുവച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ രണ്ടിന്റെ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. ഇതിനായി തുർക്കിയ നിർമാണ കമ്പനി ലിമാക് ഹോൾഡിങ്ങുമായി, മൂന്ന് സർക്കാർ ഏജൻസികൾ കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ -അഹമ്മദ് അൽ- സബാഹിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
രാജ്യത്തിന്റെ ഭാവി വികസന ദർശനത്തിന്റെ ഭാഗമായാണ് വിമാനത്താവളത്തിൽ പുതിയ ടെർമിനൽ പദ്ധതി നടപ്പാക്കുന്നത്. വ്യോമയാന മേഖലയിലെ നിർണായക വികസന ചുവടുവയ്‌പ്പായാണ് പദ്ധതി വിലയിരുത്തുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ളശേഷി ഗണ്യമായി വർധിക്കും. യാത്രാസേവനങ്ങളും യാത്രക്കാരുടെ അനുഭവവും മെച്ചപ്പെടുന്നതിനൊപ്പം കാർഗോ, ലോജിസ്റ്റിക്‌സ് മേഖലയ്ക്കും വലിയ കരുത്ത് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വാണിജ്യം, ടൂറിസം, നിക്ഷേപം തുടങ്ങിയ മേഖലകൾക്ക് പദ്ധതി കൂടുതൽ പ്രോത്സാഹനം നൽകും. വ്യോമഗതാഗത-, ലോജിസ്റ്റിക്‌സ് ഹബ്ബായി കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടും. സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും പദ്ധതി സഹായകരമാകും.
വ്യോമഗതാഗത മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് പുതിയ കരാറെന്ന് അധികൃതർ വ്യക്തമാക്കി. ടെർമിനൽ രണ്ടിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുകയാണ് കരാറിന്റെ ലക്ഷ്യം. കുവൈത്തിലെ തന്ത്രപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണിത്. രാജ്യത്തിന്റെ പ്രധാന വികസന പദ്ധതികൾക്ക് കൂടുതൽ വേഗം നൽകുന്നതിനും സഹായിക്കും.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ -യൂസഫ്, പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ -സലേം അൽ -സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ -മശ്ആൻ, അമീരി ദിവാൻ അണ്ടർ സെക്രട്ടറി ഷെയ്ഖ് അബ്ദുൾ അസീസ് അൽ -മശാൽ അൽ- സബാഹ് എന്നിവർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.










0 comments