കുവൈത്ത് വിമാനത്താവളം പ്രവർത്തനം; സാഹചര്യം അനുകൂലമായാൽ രണ്ടാം ഘട്ടത്തിലേക്ക്

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം മൂന്ന് ഘട്ടത്തിലായി പുനഃരാരംഭിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്ന് വ്യോമയാന ഡയറക്ടറേറ്റ് ആക്‌ടിങ് ഡയറക്ടർ അബ്ദുള്ള അൽ -റജ്ഹി. ആദ്യഘട്ടത്തിൽ 10 ശതമാനം ശേഷിയിലാണ് സർവീസുകൾ നടക്കുന്നത്. സാഹചര്യം അനുകൂലമായാൽ അടുത്ത ഘട്ടത്തിലേക്ക് വേഗത്തിൽ കടക്കാനാകുമെന്നും അദ്ദേഹം പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പശ്ചിമേഷ്യൻ സുരക്ഷാപ്രതിസന്ധിയെതുടർന്ന് ഏർപ്പെടുത്തിയ വ്യോമഗതാഗത നിയന്ത്രണം ഏകദേശം 22,800 വിമാന സർവീസുകളെ ബാധിച്ചു. പ്രതിദിനം ശരാശരി 400 സർവീസ് നടന്നിരുന്ന വിമാനത്താവളത്തിൽ ഇപ്പോൾ ഏകദേശം 40 സർവീസുകളാണ് നടത്തുന്നത്. നിലവിൽ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നീ രണ്ട് ദേശീയ വിമാനക്കമ്പനികൾ മുഖേനയാണ് സർവീസുകൾ പരിമിതമായി തുടരുന്നത്. മുമ്പ് അമ്പതിലധികം എയർലൈൻസുകൾ പ്രവർത്തിച്ചിരുന്ന സാഹചര്യത്തിലുണ്ടായ ഈ ഇടിവ് വ്യോമഗതാഗത മേഖലയിലെ വലിയ ആഘാതമാണ് പ്രതിഫലിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങൾ മനുഷ്യത്വപരവും ഭരണപരവുമായ ആവശ്യങ്ങൾ കണക്കിലെടുത്താണ് നിശ്ചയിച്ചത്. ആദ്യഘട്ട പ്രവർത്തനം സുതാര്യമായി മുന്നേറുന്നതായും വിലയിരുത്തുന്നു. രണ്ടാം ഘട്ടത്തിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനോടൊപ്പം കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യോമയാന അതോറിറ്റി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൈസൻസുള്ള പ്രാദേശിക ട്രാവൽ ഏജൻസികളും വിമാനക്കമ്പനികളും യാത്രക്കാർക്ക് പൂർണമായും തുക മടക്കിനൽകേണ്ടത് നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും. വിദേശ വെബ്സൈറ്റുകൾ വഴി നടത്തിയ ബുക്കിങ്ങുകൾക്ക് പ്രാദേശിക നിയമപരിരക്ഷ ലഭിക്കില്ല. അതിനാൽ അംഗീകൃത ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
ഇതിനിടെ, ടെർമിനൽ–-1 നവീകരണം, ടെർമിനൽ-–2 നിർമാണം, റൺവേ വികസനം തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ തടസ്സമില്ലാതെ പുരോഗമിക്കുകയാണ്. വിമാനത്താവളത്തെ പൂർണശേഷിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ സാങ്കേതിക പ്രവർത്തന സജ്ജീകരണങ്ങൾ ഘട്ടം ഘട്ടമായി ശക്തിപ്പെടുത്തുകയാണ്. യാത്രക്കാരുടെ സഹകരണം നിർണായകമാണെന്നും അബ്ദുള്ള അൽ -റജ്ഹി വ്യക്തമാക്കി.










0 comments