ad
Deshabhimani

കുവൈത്ത് വിമാനത്താവളം പൂർണ പ്രവർത്തനത്തിലേക്ക്

kuwait airport
വെബ് ഡെസ്ക്

Published on May 06, 2026, 10:18 AM | 1 min read

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണ പ്രവർത്തനത്തിനായി സജ്ജമാണെന്ന്‌ വ്യോമയാന ആക്‌ടിങ്‌ ഡയറക്‌ടർ ജനറൽ ദുഐജ് അൽ -ഒതൈബി. ബന്ധപ്പെട്ട അധികാരികളുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ സർവീസുകൾ സാധാരണ നിലയിലേക്ക് പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എല്ലാ നടപടികളിലും മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.


സമീപകാല പ്രാദേശിക സുരക്ഷാ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ നടപ്പാക്കിയ മുൻകരുതൽ നടപടികളുടെ ഭാഗമായി, നിലവിൽ നിയന്ത്രിത രീതിയിലാണ് വിമാനത്താവളം പ്രവർത്തനം തുടരുന്നത്. ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് പുരോഗമിക്കുകയാണ്‌. യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. സുരക്ഷാ കാരണങ്ങളാൽ ജെറ്റ് ബ്രിഡ്ജുകൾക്ക് പകരം താൽക്കാലികമായി ബസുകൾ ഉപയോഗിച്ച് യാത്രക്കാരെ വിമാനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനം തുടരുകയാണ്. പ്രധാന ടെർമിനൽ പ്രവേശനം അന്തിമ വിലയിരുത്തലുകൾക്കുശേഷം അടുത്ത ദിവസങ്ങളിൽ തുറക്കുമെന്നാണ് പ്രതീക്ഷ.


വിമാന നിയന്ത്രണ ടവർ, റഡാർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ കേടുപാടുകൾ പൂർണമായി പരിഹരിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി ഏകോപനം ഉറപ്പാക്കിയതായും അൽ -ഒതൈബി വ്യക്തമാക്കി. കുവൈത്തിലെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണത്തെ അന്താരാഷ്ട്ര വ്യോമയാന സംഘടന അപലപിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിനെ പ്രാദേശിക ലോജിസ്റ്റിക്സ് കേന്ദ്രമായി ഉയർത്താനുള്ള ദീർഘകാല പദ്ധതികൾ പുരോഗമിക്കുകയാണ്‌. ഭാവി ബന്ധിപ്പിക്കൽ പദ്ധതികളും ദേശീയ പ്രതിഭകളെ വളർത്താനുള്ള വ്യോമയാന അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്നും അദ്ദേഹം വയക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home