ഖരീഫ് സീസൺ: സലാലയിൽ വിമാന സർവീസും യാത്രക്കാരുടെ എണ്ണവും വർധിച്ചു

kharif salalah
വെബ് ഡെസ്ക്

Published on Aug 13, 2025, 12:08 PM | 1 min read

മസ്‌കത്ത്‌ : ഖരീഫ് സീസണിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ സലാല വിമാനത്താവളം വലിയ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്‌. ഇക്കഴിഞ്ഞ ജൂൺ 21നും ആഗസ്‌ത്‌ മൂന്നിനും ഇടയിൽ സർവീസ്‌ നടത്തിയ വിമാനങ്ങളുടെ എണ്ണം 1849 ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിമാനഗതാഗതം 16 ശതമാനം വർധിച്ചതായും റിപ്പോർട്ടിലുണ്ട്‌. യാത്രക്കാരുടെ എണ്ണത്തിലും ഇക്കാലയളവിൽ അഞ്ചു ശതമാനം വർധനയുണ്ടായി. 2,88,110 യാത്രക്കാരാണ്‌ വിമാനത്താവളം വഴി കടന്നുപോയത്‌.

വാർഷിക ഖരീഫ് സീസണാണ് ഈ വലിയ വർധനയ്ക്ക്‌ കാരണം. സലാലയുടെ തണുത്ത കാലാവസ്ഥയും സമൃദ്ധമായ പ്രകൃതിദൃശ്യങ്ങൾ, സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവ ആസ്വദിക്കാൻ ഒമാനിൽനിന്നും വിദേശത്തു നിന്നുമുള്ള ധാരാളം സന്ദർശകർ എത്തുന്നു. കൂടാതെ, വിമാനത്താവളത്തിന്റെ മെച്ചപ്പെട്ട സൗകര്യങ്ങളും പ്രവർത്തന കാര്യക്ഷമതയും വളർച്ചയെ പിന്തുണച്ചു.

വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

ഇ‍ൗ വർഷത്തെ ഖരീഫ്‌ സീസൺ ഒന്നരമാസം പിന്നിടുമ്പോഴേക്കും സലാലയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്‌. സലാലയുടെ ആകർഷകമായ തീരദേശ നഗരം വിനോദസഞ്ചാരികളുടെ കേന്ദ്രമായി. കൊടും വേനലിൽ അറേബ്യൻ രാജ്യങ്ങളിൽനിന്നും മറ്റു ഭാഗങ്ങളിൽനിന്നും തികച്ചും വ്യത്യസ്‌തമായ കാലാവസ്ഥയാണ്‌ ദോഫാർ സന്ദർശിക്കാൻ സഞ്ചാരികൾ ഒഴുകിയെത്താനുള്ള കാരണം. ജൂലൈ 15ന് ഖരീഫ് സീസണിലെ പ്രത്യേക പരിപാടികൾ ആരംഭിച്ചതുമുതൽ സന്ദർശകരുടെ വലിയ പ്രവാഹമാണ്. ഇത് ഇ‍ൗ മാസം 31 വരെ നീണ്ടുനിൽക്കും. ഉച്ചയ്ക്കുശേഷം താപനിലയിൽ പ്രകടമായ കുറവാണ്‌ അനുഭവപ്പെടുന്നത്‌. ഏകദേശം 25 ഡിഗ്രിയിൽ താഴെ താപനിലയാണ്‌ ഇ‍ൗ സമയത്ത്‌ മേഖലയിലാകെ. ഈ അനുകൂല കാലാവസ്ഥ വരും ദിവസങ്ങളിലും നിലനിൽക്കുമെന്നാണ് സൂചന. ഉയർന്ന പ്രദേശങ്ങളിൽ മൂടൽമഞ്ഞിന്റെ സാന്ദ്രത വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വിനോദസഞ്ചാരികളുടെ ഒഴുക്ക്‌ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി ഉയർത്തുന്നതായി അധികൃതർ പറഞ്ഞു. തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിച്ചു. ബിസിനസുകളും സേവന ദാതാക്കളും അന്താരാഷ്ട്ര, ആഭ്യന്തര സന്ദർശകരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവരുടെ ആവശ്യകത ഗണ്യമായ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home