ഖരീഫ് സീസൺ: ജൂലൈവരെ എത്തിയത് 4,42,100 സന്ദർശകർ

മസ്‌കത്ത് : ഈ വർഷത്തെ ഖരീഫ് സീസൺ ആരംഭിച്ചതുമുതൽ ജൂലൈ അവസാനംവരെ ദോഫാറിലെത്തിയ സന്ദർശകരുടെ എണ്ണം നാലുലക്ഷം കടന്നതായി റിപ്പോർട്ട്. ജൂൺ 21 മുതലുള്ള 40 ദിവസകാലയളവിൽ 4,42,100 സന്ദർശകർ എത്തിയതായും റിപ്പോർട്ടിലുണ്ട്. 2024ലെ ഇതേകാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ ഏഴുശതമാനം വർധന രേഖപ്പെടുത്തി. പോയവർഷം ഇതേസമയത്ത് 4,13,122 പേരാണ് ദോഫാറിലെ മൺസൂൺ സീസൺ ആസ്വദിക്കാനെത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ പ്രാഥമിക കണക്കുകളെിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഒമാനി സന്ദർശകരുടെ എണ്ണം 75.6 ശതമാനം വർധിച്ച് 3,34,399 ആയി. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 69,801 ആയി. അതേസമയം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 37,900 ആയി ഉയർന്നതായും പ്രാഥമിക സ്ഥിതിവിവരക്കണക്കുകളിൽ സൂചിപ്പിക്കുന്നു. ജൂലൈ അവസാനത്തോടെ 3,34,846 സന്ദർശകർ കരമാർഗം ദോഫാർ ഗവർണറേറ്റിലെത്തി. 1,07,254 സന്ദർശകരാണ് ഇക്കാലയളവിൽ വിമാനമാർഗം എത്തിയത്. 2024 ജൂലൈ അവസാനത്തോടെ വിമാനമാർഗം എത്തിയവരെ അപേക്ഷിച്ച് 10.9 ശതമാനമാണ് വർധന. 2025 ജൂലൈ അവസാനംവരെ ദോഫാർ സീസണിൽ എത്തിയവരിൽ 95.3 ശതമാനംപേർ ജൂലൈ ഒന്നിനും 31നും ഇടയിലായിരുന്നു വന്നത്. 4.7 ശതമാനംപേർ ജൂൺ 21നും ജൂൺ 30നും ഇടയിലെത്തി.
അതേസമയം, ഇൗ സീസണിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ സലാല വിമാനത്താവളം വലിയ വളർച്ച രേഖപ്പെടുത്തിയതായി അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂൺ 21നും ആഗസ്‌ത് മൂന്നിനും ഇടയിൽ സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 1849 ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ 16 ശതമാനമാണ് വർധന. ഇൗ വർഷത്തെ സീസൺ ഒന്നരമാസം പിന്നിടുമ്പോഴും സലാലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ജൂലൈ 15ന് പ്രത്യേക പരിപാടികൾ ആരംഭിച്ചതുമുതൽ വലിയ സന്ദർശക പ്രവാഹമാണ്. ഇത് ഇൗ മാസം 31 വരെ നീണ്ടുനിൽക്കും. സെപ്‌തംബർ 20ന് ആണ് വർഷത്തെ സീസൺ അവസാനിക്കുന്നത്.









0 comments