പഴമയുടെ ആഘോഷമായി ‘കേളി കളിത്തട്ട്’

കേളി കലാസാംസ്‌കാരിക വേദി രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കളിത്തട്ട്’ പരിപാടിയിൽനിന്ന്
റിയാദ്: കേളി കലാസാംസ്‌കാരിക വേദി രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത്തെ പരിപാടി ‘കളിത്തട്ട്’ പഴയ കാലത്തിന്റെ ആഘോഷമായി. മറവിയിലേക്കാണ്ടുപോയ പഴയകാല കളികളും നാടൻ രുചികളും കോർത്തിണക്കി ‘ഓർമകളുടെ മുറ്റത്തേക്ക് സ്വാഗതം’ എന്ന ശീർഷകത്തിലാണ് പരിപാടി നടന്നത്. പുതുതലമുറയ്ക്ക് കൗതുകവും പഴയ തലമുറയ്ക്ക് ഓർമകളിലേക്കുള്ള മധുരയാത്രയും സമ്മാനിക്കുന്നതായി കളിത്തട്ട്.
കുളംകര, ചാക്കിലോട്ടം, പൂ പറിക്കാൻ പോരുമോ, കുല കുല മുന്തിരി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യൂസിക്കൽ ക്യാപ്, വളയം മാറ്റൽ, ഓർമ പരീക്ഷണം, ഷൂട്ടൗട്ട്, മിഠായി പെറുക്കൽ, ചട്ടിയും പന്തും, ലെമൺ സ്പൂൺ, അന്താക്ഷരി തുടങ്ങിയ പതിനഞ്ചിലധികം കളികളിൽ കുട്ടികളും കുടുംബങ്ങളുമടങ്ങുന്ന പ്രവർത്തകർ പങ്കെടുത്തു. കഞ്ഞിയും പയറും കപ്പയും കാന്താരിയും ഉപ്പിലിട്ടതും കടലവറുത്തതുമൊക്കെ പ്രവാസ ലോകത്ത് പഴമയുടെ രുചി പകർന്നു. മഞ്ഞ, ചുവപ്പ്, നീല, പച്ച എന്നീ നാല് സംഘങ്ങളായി തിരിഞ്ഞാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
മലാസ് സൺലൈറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടി രക്ഷാധികാരിയും ആക്‌ടിങ് സെക്രട്ടറിയുമായ സീബ കൂവോട് ഉദ്ഘാടനം ചെയ്തു. കേളി ആക്ടിങ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ, സംഘാടക സമിതി ചെയർമാൻ ഷാജി റസാഖ് എന്നിവർ സംസാരിച്ചു. കേളി ആക്‌ടിങ് സെക്രട്ടറി മധു ബാലുശേരി ചൊല്ലിയ മാനവിക പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി. സീബ കൂവോട്, റഫീഖ് ചാലിയം, സതീഷ് കുമാർ, ഷബി അബ്ദുൾ സലാം എന്നിവർ ഉൾപ്പെട്ട സ്ക്രീനിങ് കമ്മിറ്റി മത്സരങ്ങൾ നിയന്ത്രിച്ചു. മധു ബാലുശേരി സ്വാഗതവും രജത ജൂബിലി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.









0 comments