അഭിമാന നേട്ടങ്ങളുമായി ഇന്ത്യൻ സ്കൂൾ നിസ്വ പൂർവ്വ വിദ്യാർഥി കരൺ മാർട്ടൻസ് മൊഹന്ത

നിസ്വ(ഒമാൻ) : ഇന്ത്യൻ സ്കൂൾ നിസ്വ (ഐഎസ്എൻ) പൂർവ വിദ്യാർഥി കരൺ മാർട്ടൻസ് മൊഹന്ത ശാസ്ത്ര നേട്ടങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ശാസ്ത്രലോകത്ത് ദേശീയ-അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയെടുത്തിരിക്കുകയാണ് ഗവേഷകനായ കരൺ. പ്രശസ്ത അന്താരാഷ്ട്ര ജേണലായ 'ബിഎംസി ജീനോമിക്സിൽ' പ്രസിദ്ധീകരിച്ച സുപ്രധാന ഗവേഷണ പ്രബന്ധത്തിന്റെ രചയിതാവാണ് കരൺ. അഡ്വാൻസ്ഡ് കമ്പ്യൂട്ടേഷണൽ രീതികളിലൂടെ ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കുന്ന പ്രോട്ടീനുകളെ തിരിച്ചറിയുന്നതിലാണ് ഈ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബയോ ഇൻഫോർമാറ്റിക്സ്, പ്ലാന്റ് മോളിക്യുലാർ ബയോളജി എന്നീ മേഖലകളിൽ വിലപ്പെട്ട ഉൾക്കാഴ്ചകൾ പഠനം നൽകുന്നു.
തന്റെ ശാസ്ത്രീയ യാത്രയ്ക്ക് അടിത്തറ പാകിയ നിരന്തരമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഇന്ത്യൻ സ്കൂൾ നിസ്വയോടുള്ള നന്ദി കരൺ പ്രബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ കരൺ മധ്യപ്രദേശിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ (ഇൻബിക്സ് 2025) പ്രതിനിധിയായി പ്രഭാഷണം നടത്തിയിരുന്നു. പ്രമുഖ ഐസിഎംആർ ശാസ്ത്രജ്ഞർക്ക് മുന്നിൽ തന്റെ ഗവേഷണം അവതരിപ്പിച്ച കരൺ വലിയ പ്രശംസ പിടിച്ചുപറ്റി.
ഗുജറാത്തിലെ ഇന്ദ്രശിൽ യൂണിവേഴ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ മികച്ച പ്രസന്റേഷനുള്ള അവാർഡ്, ഇതേ അന്താരാഷ്ട്ര കോൺഫറൻസിൽ 'യുവ ശാസ്ത്രജ്ഞ' പുരസ്കാരം, ബയോക്ലൂസ്സൊ സൈറ്റിയുടെ ഓണററി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് തുടങ്ങിയ സുപ്രധാന നേട്ടങ്ങളും കിരണിന്റെ പേരിലുണ്ട്. ഡോ. തപൻ കുമാർ മൊഹന്തയാണ് കരണിന്റെ പിതാവ്.
കരണിന് ആശംസകൾ നേരുന്നതായി ഇന്ത്യൻ സ്കൂൾ നിസ്വ പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി, സ്കൂൾ മാനേജമെന്റ് കമ്മിറ്റി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പറഞ്ഞു.










0 comments