സ്‌ത്രീ ശാക്തീകരണത്തിൽ കേരളത്തിന് ഏറെ മുന്നേറാൻ കഴിഞ്ഞു: പി സതീദേവി

സലാല : സ്‌ത്രീ ശാക്തീകരണത്തിൽ കേരളത്തിന് ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും സ്ത്രീകൾ അടിമത്ത തുല്യമായ ജീവിതം നയിക്കുന്ന സാഹചര്യത്തിലാണ് ഇൗ മുന്നേറ്റമെന്നും അവർ പറഞ്ഞു. കൈരളി സലാല വനിതാ വിഭാഗം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി സതീദേവി.
കേരളത്തിലെ സ്ത്രീ സമൂഹം വിദ്യാസമ്പന്നരാണ്. തൊഴിൽ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. 50 ശതമാനം സ്ത്രീ സംവരണം ജീവിതക്രമത്തിൽ മാറ്റം വരുത്തി. സ്ത്രീകൾക്കെതിരായ വിവേചനങ്ങൾ കുറച്ചുകൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇൗ മുന്നേറ്റം പൂർണമായെന്ന് കരുതാനാകില്ല. അതേസമയം, പീഡനങ്ങളും ആത്മഹത്യാപ്രവണതകളും നമ്മുടെ സമൂഹത്തിൽ തുടർക്കഥയാകുന്നുമുണ്ട്. വിദ്യാസമ്പന്നരും മികച്ച ജോലിയുള്ള വനിതകളുംവരെ ആത്മഹത്യയിൽ ജീവിതം ഹോമിക്കുന്നു. അടുത്തിടെ പ്രവാസ ലോകത്തുനിന്ന് വരുന്ന വാർത്തകളും ആശങ്കാജനകമാണെന്നും സതീദേവി പറഞ്ഞു. സ്ത്രീ സമത്വം, നിയമ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വനിതകൾ ഉയർത്തിയ ചോദ്യങ്ങൾക്കും അവർ മറുപടി നൽകി. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ വനിതാ വിഭാഗം പ്രസിഡന്റ് ഷെമീന അൻസാരി അധ്യക്ഷയായി. സെക്രട്ടറി സീന സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് സരിത ജയരാജ് നന്ദിയും പറഞ്ഞു.










0 comments