1,200 സർവീസുകളിൽ 1.32 ലക്ഷം യാത്രക്കാരുമായി സൗദി വഴി ജസീറയുടെ വിപുലമായ ഓപ്പറേഷൻ

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴി 1,200 സർവീസുകൾ നടത്തി 1,32,000ത്തോളം യാത്രക്കാരെ സുരക്ഷിതമായി എത്തിച്ചതായി ജസീറ എയർവേയ്‌സ് അറിയിച്ചു. ഇതോടൊപ്പം 300 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും രാജ്യത്തേക്ക് എത്തിച്ചതായും ജസീറ എയർവേയ്‌സ് അറിയിച്ചു. കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിരിക്കുന്നതിനിടെയാണ് ജസീറ എയർവേയ്‌സ് സർവീസ് നടത്തിയത്.
കുവൈത്തും സൗദിയും ചേർന്ന് നൽകിയ ശക്തമായ ലജിസ്റ്റിക് പിന്തുണയുടെ ഫലമായി യാത്രക്കാരുടെ ഗതാഗതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനായതായി സിഇഒ ഭരതൻ പശുപതി വ്യക്തമാക്കി. അൽ-ഖൈസൂമയും ദമ്മാമും ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് കുവൈത്തിൽ നിന്ന് 8,400ത്തിലധികം ബസ് സർവീസുകൾ ഏകോപിതമായി നടത്താനായതായും അദ്ദേഹം തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവിധ തരത്തിലുള്ള വിസകളുള്ള യാത്രക്കാരെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ രണ്ട് രാജ്യങ്ങളുടെയും അധികാരികളുടെ സഹകരണം നിർണായകമായതായി അദ്ദേഹം പറഞ്ഞു. അതേസമയം, ഇൻഷുറൻസ് പ്രീമിയം വർധനയും ഇന്ധനച്ചെലവ് ഇരട്ടിയിലധികം ഉയർന്നതും പ്രവർത്തനച്ചെലവുകൾ ഗണ്യമായി വർധിക്കാൻ കാരണമായയി. ഇതിന്റെ പ്രതിഫലനം ടിക്കറ്റ് നിരക്കുകളിലും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ട്സ് നൽകിയ സൗകര്യങ്ങൾ നിർണായകമായി സഹായിച്ചതായി അദ്ദേഹം അറിയിച്ചു.
അതേസമയം, ഇറച്ചി ഉൾപ്പെടെയുള്ള വേഗത്തിൽ നശിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തി 300 ടണ്ണി ലധികം ചരക്കുകൾ രാജ്യത്തേക്ക് എത്തിച്ചതായി നാസർ അൽ-ഒബൈദ് വ്യക്തമാക്കി. എല്ലാ നിയന്ത്രണ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് വിതരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. ടെർമിനൽ 5 (ടി 5) ലെ പരിപാലന പ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ, വ്യോമാതിർത്തി തുറക്കുകയും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി ലഭിക്കുകയും ചെയ്താൽ യാത്രക്കാരെ ഉടൻ സ്വീകരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments