കാസര്‍കോട് എംഡിഎംഎ കേസില്‍ ഇടപെടാത്ത ഓപ്പറേഷൻ തൂഫാന്

തിരുവനന്തപുരം : കേരളത്തെ ലഹരി മുക്തമാക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓപ്പറേഷൻ തൂഫാന്‍ തിരിഞ്ഞുകൊത്തിയത് സര്‍ക്കാരിനെ തന്നെ. തൂഫാന്‍റെ ഭാഗമായി തുടക്കത്തില്‍ ലഹരിക്കേസുകളില്‍ ചെറിയ തോതില്‍ നടപടികളുണ്ടായെങ്കിലും കാസര്‍കോട് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് ഉയര്‍ന്നുവന്നതോടെ പദ്ധതി മുന്നോട്ടുപോകാതായി. വി ഡി സതീശന്‍റെ അടുത്തയാളും സോഷ്യൽമീഡിയ കോർഡിനേറ്ററുമായ മുഹമ്മദ് ഹുസൈന്‍ പ്രതിയായ കേസ് എങ്ങുമെത്തിയില്ലെന്നതും മറ്റൊരു കാര്യം
കേസ് മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയാണെന്ന് മനസിലായതോടെ ഓപ്പറേഷൻ തൂഫാന്‍റെ ലക്ഷ്യം മറന്ന് സര്‍ക്കാര്‍ പിന്നീട് അത് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഒടുവില്‍ രാജ്യാന്തരബന്ധമുള്ള മയക്കുമരുന്ന് കേസ് ആവിയായി. ഇതിനെക്കുറിച്ച് ആഭ്യന്തര മന്ത്രിക്ക് ഒന്നും പറയാനുമില്ല, ഓപ്പറേഷൻ തൂഫാന് ഒന്നും ചെയ്യാനുമില്ല. ഇതിനിടെയാണ് ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാം ഘട്ടം രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നത്.
ഹുസൈന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും കേസില്‍ തുടരന്വേഷണം നടന്നില്ല. രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായ പ്രതി നിരവധി തവണയാണ് സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിലെത്തിയത്. അറസ്‌റ്റിലാകുന്നതിന് ദിവസങ്ങൾക്കുമുമ്പും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നതായി തെളിവുകളുണ്ട്. പ്രതികളെ ചോദ്യംചെയ്യാനായി വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം പൊലീസ് ഉപേക്ഷിച്ചു.
ജനങ്ങളെ ബോധവത്ക്കരിക്കാൻ സംസ്ഥാൻ സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ മറുവശത്ത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററെ കേസിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രതികളുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് തന്നെ അതിന് ഉദാഹരണമാണ്. ആഗസ്ത് ഒൻപതിന് പിടികൂടിയ ഫോണുകൾ 29 നാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ നശിപ്പിക്കാൻ ഈ സമയം ധാരാളമാണ്. രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് കേസ് പുറത്തുവരാതിരിക്കാൻ സർക്കാർ അക്ഷീണം പരിശ്രമിച്ചു.
മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കാൻ ഇറങ്ങിത്തിരിക്കുന്നതിന് മുൻപ് മന്ത്രിസഭയിലെ ലഹരി ബന്ധങ്ങൾക്ക് തടയിടാനാണ് രമേശ് ചെന്നിത്തല ശ്രമിക്കേണ്ടത്. തൂഫാനിൽ 10,885 പേർ ഇതുവരെ അറസ്റ്റിലായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതിൽ കാസർകോട് എംഡിഎംഎ കേസിൽ മാത്രം തെളിവുകളില്ല.









0 comments