ad
Deshabhimani

ജംറകളില്‍ കല്ലേറ് തുടങ്ങി

Hajj.jpg
avatar
സ്വന്തം ലേഖകർ

Published on May 28, 2026, 03:30 PM | 2 min read

മക്ക/ റിയാദ് : ഇ‍ൗ വർഷത്തെ ഹജ്ജ് കര്‍മത്തിന്റെ മൂന്നാം ദിനമായ ബുധനാഴ്ച തീര്‍ഥാടകര്‍ ജംറകളില്‍ കല്ലേറ് നിര്‍വഹിച്ചു. ബലി കര്‍മം (ഉദ്ഹിയ്യത്ത്), മുടിയെടുക്കല്‍, ത്വവാഫുല്‍ ഇഫാദ (കഅബ പ്രദക്ഷിണം), സഈ (സഫാ-മര്‍വ കുന്നുകള്‍ക്കിടയിലെ പ്രയാണം) എന്നിവയും നിര്‍വഹിച്ചു. ഇതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ക്ക് വിരാമമായി. സൗദിയും ഒമാനുമടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു.


അറഫ സംഗമശേഷം മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനാ താഴ്‌വരയില്‍ തിരിച്ചെത്തിയ തീര്‍ഥാടകരാണ് ജംറയില്‍ പിശാചിന്റെ പ്രതീകമായ സ്‌തൂപത്തില്‍ കല്ലേറ് നടത്തിയത്. പ്രധാന ജംറയായ ജംറതുല്‍ അഖബയിലാണ് കല്ലേറ് ആരംഭിച്ചത്. സ്‌തൂപത്തില്‍ ഏഴ് കല്ലുകള്‍ എറിയുന്നതാണ് ചടങ്ങ്. വന്‍കിട ജംറ പാലം സമുച്ചയത്തിൽ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ തിക്കും തിരക്കുമില്ലാതെ കല്ലേറ് കര്‍മം സുഗമമായി നടന്നു. സുരക്ഷ, ആരോഗ്യസംരക്ഷണം, ആംബുലൻസ്, മുനിസിപ്പൽ, സിവിൽ ഡിഫൻസ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയത്. തീർഥാടകരെ നിശ്ചിത വഴികളിലൂടെ നയിക്കാനായി സുരക്ഷാസേനയും സ്‌ക‍ൗട്ട് സംഘങ്ങളും രംഗത്തുണ്ടായിരുന്നു. ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യ ബോധവൽക്കരണ സേവനങ്ങളും ശക്തമാക്കിയിരുന്നു.


കല്ലേറ് കര്‍മത്തിനുശേഷം തീര്‍ഥാടകര്‍ ബലി കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് മുടിയെടുത്ത് ഇഹ്‌റാമിന്റെ പ്രത്യേക വസ്ത്രം മാറ്റി. ശേഷം മസ്ജിദുല്‍ ഹറമിലെത്തി കഅ്ബ പ്രദക്ഷിണവും സഫാ മര്‍വ കുന്നുകള്‍ക്കിടയിലെ പ്രയാണവും നിര്‍വഹിച്ചു.


അടുത്ത മൂന്നുദിവസങ്ങളില്‍ മിനായില്‍ താമസിച്ച് മൂന്ന് ജംറകളിലും (ജംറതുൽസുഗ്‌റ, ജംറതുല്‍വുസ്‌ത്വ, ജംറതുല്‍അഖബ) ഉച്ചയ്ക്കുശേഷം കല്ലെറിയുന്നതോടെ ഹജ്ജിന് സമാപനമാകും. മക്കയ്ക്കും മിനയ്ക്കും ഇടയിലാണ് ജംറ. മുസ്ദലിഫയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ജംറയില്‍ ബസ്, മെട്രോ ട്രെയിന്‍ മാര്‍ഗങ്ങളിലായാണ് തീര്‍ഥാടകര്‍ എത്തിയത്. കനത്ത ചൂടാണ് മിനായില്‍ അനുഭവപ്പെടുന്നത്.


ഈ വര്‍ഷം 1,707,301 ആഭ്യന്തര, വിദേശ തീര്‍ഥാടകരാണ് ഹജ്ജില്‍ പങ്കെടുത്തത്. ഇതില്‍ 15,46,655 പേര്‍ വിദേശത്തുനിന്നും 1,60,646 പേര്‍ സൗദി അറേബ്യയില്‍നിന്നും ഉള്ളവരാണെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും ഹറം ഇമാം ഷെയ്ഖ് ബന്ദര്‍ ബലീല നേതൃത്വം നല്‍കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home