ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനായി ജബൽ അഖ്ദറിൽ പുതിയ പാർക്ക്

റഫീഖ് പറമ്പത്ത്
Published on Aug 18, 2025, 01:11 PM | 1 min read
മസ്‌കത്ത് : ദഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിലെ ജബൽ അഖ്ദർ പാർക്ക് തിങ്കളാഴ്ച തുറക്കും. ഇത് വിലായത്തിന്റെ ടൂറിസം വിനോദ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുണപരമായ ചുവട് വെപ്പായി കണക്ക് കൂട്ടുന്നു.
ദേശീയ പ്രാദേശിക തലങ്ങളിൽ ഒരു സവിശേഷ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജബൽ അഖ്ദറിന്റെ പദവി ഉയർത്തുന്നതിനായി നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഒരു പാക്കേജിന്റെ ഭാഗമാണ് പാർക്ക്. സെയ്ഹ് ഖത്‌ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പാർക്ക് പദ്ധതി പൊതു ഇടങ്ങൾ വികസിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
വർഷം മുഴുവനും സന്ദർശകർക്കും താമസക്കാർക്കും ഒരു പ്രധാന ആകർഷണമായി പാർക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഗവർണറേറ്റിന്റെ പ്രകൃതി സാംസ്കാരിക ആസ്തികളെ നേരിട്ടുള്ള സാമ്പത്തിക സാമൂഹിക സ്വാധീനത്തോടെ സുസ്ഥിര വികസന അവസരങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഒമാൻ വിഷൻ 2040 യുമായി ഈ പദ്ധതി അടയാളപെടുത്തുന്നു. 1.1 മില്യൺ ഒമാൻ റിയാലിലധികം ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ജബൽ അൽ അഖ്ദറിലെ വാലി ഷെയ്ഖ് സുൽത്താൻ ബിൻ മൻസൂർ അൽ ഗാഫിലി പറഞ്ഞു. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഇത് വ്യാപിച്ചുകിടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കുട്ടികളുടെ കളിസ്ഥലം. കായിക പാതകൾ, ഒരു കഫേ, ഒരു ഷോപ്പ്.ഇലക്ട്രിക് ഗെയിമുകൾക്കുള്ള ഒരു സ്ഥലം എന്നിവ ഉൾക്കൊള്ളുന്ന നിക്ഷേപ മേഖലകൾ.പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രാർത്ഥനാ മുറികൾ. വിശ്രമമുറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
5,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു തുറന്ന മൾട്ടി-യൂസ് തിയേറ്ററും പച്ചപ്പും പാർക്കിൽ ഉൾപ്പെടുന്നു. 150 മരങ്ങളും 400 കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചാണ് ഇവ ഒരുക്കിയിരിക്കുന്നതെന്ന് വാലി കൂട്ടിച്ചേർത്തു. കൂടാതെ സസ്യജാലങ്ങളുടെ ആവരണവും സൈറ്റിന്റെ സൗന്ദര്യാത്മകത വർദ്ധിപ്പിക്കുകയും കുടുംബ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പരിപാടികൾക്കും ഒരു സംയോജിത വിനോദ കേന്ദ്രമായി മാറുകയും ചെയ്യുന്നു.









0 comments