ഇറാൻ മിസൈല്‍ ആക്രമണം; അബുദാബിയില്‍ ഇന്ത്യക്കാരനടക്കം 2 പേർ കൊല്ലപ്പെട്ടു

ഫയൽചിത്രം
സ്വന്തം ലേഖകർ
Published on Mar 27, 2026, 12:13 PM | 1 min read
അബുദാബി/മനാമ/റിയാദ്: ഇറാനിൽനിന്ന് വിക്ഷേപിച്ച മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് യുഎഇയില്‍ ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. വ്യാഴം പുലര്‍ച്ചെ അബുദാബിയിലെ സ്വീഹാന്‍ തെരുവിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം പതിച്ചത്. മരിച്ച മറ്റൊരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്. യുഎഇ, ജോർദാൻ സ്വദേശികൾക്കും ഇന്ത്യക്കാരനുമാണ് പരിക്കേറ്റത്. നിരവധി വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. സൈന്യം വിജയകരമായി തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച മാത്രം ഇറാന്‍ വിക്ഷേപിച്ച 15 ബാലിസ്റ്റിക് മിസൈലും 11 ഡ്രോണും യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇതുവരെ 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലും 1826 ഡ്രോണും തകര്‍ത്തു. പശ്ചിമേഷ്യയില്‍ ആക്രമണം ആരംഭിച്ചശേഷം മേഖലയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.
ബഹ്‌റൈനിലെ മുഹറഖില്‍ വ്യവസായ കേന്ദ്രത്തിനുനേരെയും ഇറാന്റെ ആക്രമണമുണ്ടായി. തുടര്‍ന്ന് പ്ലാന്റിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ഉടന്‍ അണച്ചു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിക്കുന്നത് ഒഴിവാക്കാന്‍ മുഹറഖ് ഗവര്‍ണറേറ്റിലെ ഹിദ്ദ്, ആറാദ്, ഗലാലി, സമാഹീജ് എന്നീ പ്രദേശങ്ങളിലുള്ളവരോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ആക്രമണം തുടങ്ങിയശേഷം 154 മിസൈലും 350 ഡ്രോണും തകര്‍ത്തതായി ബഹ്‌റൈന്‍ പ്രതിരോധ സേന വ്യക്തമാക്കി.
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയെ ലക്ഷ്യമിട്ട് വന്ന 33 ഡ്രോൺ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തകര്‍ത്തു. ഫെബ്രുവരി 28 മുതല്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ വന്‍ ആക്രമണമാണ് നടത്തിയത്. യുഎഇയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടായത്. 2156 മിസൈലും ഡ്രോണുകളുമാണ് യുഎഇയ്ക്കുനേരെ തൊടുത്തത്. കുവൈത്തില്‍ 791, സൗദി 723, ബഹ്‌റൈൻ 429, ഖത്തർ 270 എന്നിങ്ങനെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി. ഒമാനില്‍ 22 ഡ്രോണ്‍ ആക്രമണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.










0 comments